ന്യൂഡൽഹി: കെഎസ്ആർടിസി ബസ്സുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കെഎസ്ആർടിസി. കെഎസ്ആർടിസി ബസ്സുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്ന് പറയുന്ന ഹർജിയിൽ, മുൻ സുപ്രീംകോടതി വിധിയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതെന്നും ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായി എന്ന് അപ്പീലിൽ പറയുന്നു. വൻ വരുമാനനഷ്ടം ഉണ്ടായെന്നും കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നുണ്ട്. അഭിഭാഷകനായ ദീപക് പ്രകാശാണ് കെഎസ്ആർടിസിക്ക് വേണ്ടി ഹർജി നൽകിയത്.
