പത്തനംതിട്ട: മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. പുലർച്ചെ അഞ്ചുമണിക്ക് സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് തിരുവാഭരണം എത്തിച്ചിരുന്നു. വലിയ കോയിക്കൽ ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്കു ശേഷം പതിനൊന്നര വരെ ഭക്തർക്ക് തിരുവാഭരണ ദർശനത്തിനുള്ള അവസരമുണ്ട്. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള അംഗങ്ങൾ ശിരസ്സിലേറ്റി കാൽനടയായി, ശനിയാഴ്ച വൈകിട്ട് തിരുവാഭരണം ശബരിമലയിൽ എത്തിക്കും. ഇത് ശബരീശവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
