കോഴിക്കോട്: സാഹിത്യകാരനായ എംടി വാസുദേവൻ നായരുടെ ആദ്യ ഭാര്യ പ്രമീള നായരെ കുറിച്ച് ദീദി ദാമോദരനും എച്ച് മിക്കുട്ടിയും ചേർന്ന് എഴുതിയ പുസ്തകത്തിന് എതിരെ എംടിയുടെ മക്കള്‍.
കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീർത്തിപ്പെടുത്താൻ ലക്ഷമിട്ടുള്ളതാണെന്ന് മക്കളായ സിതാരയും അശ്വതിയും പ്രതികരിച്ചു. പ്രശസ്തിക്കും പണത്തിനും വേണ്ടി എംടിയെ തേജവധം ചെയ്യുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് മക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പുസ്തകം ഉടൻ പിൻവലിച്ചില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് നീങ്ങുമെന്ന് അശ്വതിയും സിതാരയും അറിയിച്ചു.
പ്രസ്താവനയുടെ പൂർണരൂപം
ദീദി ദാമോദരൻ, എച്ച്‌മുക്കുട്ടി എന്നിവർ ചേർന്ന് എഴുതുകയും 'ബുക്ക് വേം' പ്രസിദ്ധീകരിക്കുകയും ചെയ്ത 'എംറ്റി സ്പേസ് ബാഷ്‌പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകം വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതേണ്ടി വന്നത്.
പ്രമീള നായരേയും അവരുടെ ജീവിതത്തെയും കുറിച്ച് എന്ന വ്യാജേന എഴുതിയ ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണ്. പ്രമീള നായർ മരിച്ച് 26 വർഷങ്ങള്‍ക്ക് ശേഷവും എം ടി വാസുദേവൻ നായർ എന്ന ഞങ്ങളുടെ അച്ഛൻ മരിച്ച് ഒരു വർഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ച്, അതുവഴി ആർജ്ജിക്കുന്ന 'കുപ്രസിദ്ധിയിലൂടെ' പുസ്തകം വിറ്റു പോവാനും രചയിതാക്കള്‍ക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുല്‍സിത ശ്രമത്തിൻറെ ഭാഗമാണ്. ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള മിക്ക കാര്യങ്ങളും പറഞ്ഞു കേട്ടുള്ള അറിവുകള്‍ വെച്ചാണ് എന്ന് ആർക്കും മനസിലാവും. ഈ പുസ്തകത്തിലെ പല പരാമർശങ്ങളും എം ടിയെ കുറിച്ചുള്ള ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. ഈ കൃത്യം മൂലം മക്കള്‍ എന്ന നിലയില്‍ ഞങ്ങളും ഞങ്ങളുടെ കുടുംബങ്ങളും അനുഭവിക്കുന്ന മനോവിഷമങ്ങളും അപമാനവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടത് എന്ന് ഓർമിപ്പിക്കുന്നു. അതോടൊപ്പം ഈ പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ അർദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണെന്നു പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നു. അത് കൊണ്ട് തന്നെ സാംസ്കാരിക മേഖല ഈ പുസ്തകത്തെ തള്ളി കളയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഈ പുസ്തകം ഉടനടി പിൻവലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം യുക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിക്കുന്നു.














































































