ടോസ് നേടിയ ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ് ഓസ്ട്രേലിയയെ ബാറ്റിങ്ങിനു വിട്ടു. അടിച്ചു തകര്‍ത്ത അവര്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 208 റണ്‍. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ അവസാന പന്തിലാണു ജയിച്ചത്. റിങ്കു സിങും മുകേഷ് കുമാറും ചേര്‍ന്നാണു വിജയ റണ്ണെടുത്തത്.
തകര്‍ത്തടിച്ച് സെഞ്ചറി നേടിയ ജോഷ് ഇന്‍ഗ്ലിസിന്റെ പ്രകടനമാണ് ഓസീസ് ഇന്നിങ്സിലെ സവിശേഷത. ഓപ്പണറായെത്തിയ സ്റ്റീവ് സ്മിത്ത് അര്‍ധസെഞ്ചറി നേടി. സ്മിത്തും ജോഷും 130 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്‍ഗ്ലിസിന്റെ ആദ്യ സെഞ്ചറി കൂടിയാണിത്. ഇന്ത്യക്കെതിരേ ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ട്വന്റി20 സെഞ്ചുറിയെന്ന നേട്ടവും ഇന്‍ഗ്ലിസിനു സ്വന്തം. രണ്ടാം വിക്കറ്റില്‍ ജോഷും സ്മിത്തും പടുത്തുയര്‍ത്തിയ തകര്‍പ്പന്‍ സെഞ്ചറി കൂട്ടുകെട്ടാണ് ഇന്നിങ്സിന്റെ നട്ടെല്ല്. ഇരുവരും ചേര്‍ന്ന് 67 പന്തില്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത് 130 റണ്‍.
ഓപ്പണര്‍ മാത്യു ഷോര്‍ട്ട്, ഇന്‍ഗ്ളിസ്, സ്മിത്ത് എന്നിവര്‍ പുറത്തായി. ടിം ഡേവിഡ് 19 റണ്ണുമായും മാര്‍കസ് സ്റ്റോനിസ് ആറു പന്തില്‍ ഏഴു റണ്ണോടെയും പുറത്താകാതെനിന്നു. അവസാന ഓവറില്‍ നോബോള്‍ ഉള്‍പ്പെടെ എറിഞ്ഞെങ്കിലും അഞ്ച് റണ്് മാത്രം വഴങ്ങിയ മുകേഷ് കുമാറിന്റെ ശ്രദ്ധേയമായി. മുകേഷ് നാല് ഓവറില്‍ ആകെ വഴങ്ങിയത് 29 റണ്‍. രവി ബിഷ്ണോയ് ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ വഴങ്ങിയത് 54 റണ്‍. ഒരു വിക്കറ്റ് സ്വന്തമാക്കിയ പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 50 റണ്ണും വഴങ്ങി. അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 32 റണ്‍ മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റ് കിട്ടിയില്ല. ഓപ്പണിങ് ബൗളറായിരുന്ന അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ വഴങ്ങിയത് 41 റണ്‍.
മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. ഒരു പന്തും നേരിടാത്ത ഋതുരാജ് ഗെയ്ക്വാദ് റണ്ണൗട്ടായി. യശസ്വി ജയ്സ്വാള്‍ (എട്ട് പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 21) വിളി കേള്‍ക്കാതെ സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടിയ ഗെയ്ക്വാദിനു ക്രീസിലെത്താനായില്ല. ഇഷാന് കിഷനും (39 പന്തില്‍ അഞ്ച് സിക്സറും രണ്ട് ഫോറുമടക്കം 58) ജയ്സ്വാളും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. ജയ്സ്വാളിയെ ഷോര്‍ട്ട് സ്മിത്തിന്റെ കൈയിലെത്തിച്ചു. ടീം സ്കോര്‍ 22 ല്‍ നില്‍ക്കേയാണു ജയ്സ്വാള്‍ ക്രീസ് വിട്ടത്. ഇഷാന് കൂട്ടായെത്തിയ നായകന് സൂര്യകുമാര്‍ യാദവ് (42 പന്തില്‍ നാല് സിക്സറും ഒന്‍പത് ഫോറുമടക്കം 80) സ്കോര്‍ 100 കടത്താന്‍ സഹായിച്ചു. ഇഷാനെ ഷോര്‍ട്ടിന്റെ കൈയിലെത്തിച്ച് തന്‍വീര്‍ സാംഗ കൂട്ടുകെട്ട് തകര്‍ത്തു. തിലക് വര്‍മയും (10 പന്തില്‍ 12) വന്ന പോലെ മടങ്ങി. സ്കോര്‍ 200 കടക്കാനിരിക്കേയാണു സൂര്യകുമാറിനെ ജാസന്‍ ബെന്ഡോഫ് ആരോണ്‍ ഹാര്ഡിയുടെകൈയിലെത്തിച്ചത്. അവസാന 12 പന്തില്‍ ജയിക്കാന്‍ വേണ്ടത് 14 റണ്‍.
നഥാന്‍ എല്ലിസ് എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളും അക്ഷര്‍ പട്ടേലിന് അടിക്കാനായില്ല. അഞ്ചാം പന്തില്‍ ഫോറടിച്ചതോടെ ലക്ഷ്യം ആറ് പന്തില്‍ ഏഴ് റണ്ണായി. ഓവര്‍ എറിയാനെത്തിത് സീന്‍ ആബട്ട്. ആദ്യ പന്ത് റിങ്കു സിങ് അതിര്‍ത്തി കടത്തി. അടുത്ത പന്തില്‍ ഒരു റണ്‍ നേടിയതോടെ ലക്ഷ്യം നാല് പന്തില്‍ രണ്ട്. അടുത്ത പന്തില്‍ അക്ഷര്‍ പട്ടേല്‍ (രണ്ട്) ആബട്ടിന് റിട്ടേണ്‍ ക്യാച്ച് നല്കി. അടുത്ത പന്തില്‍ രവി ബിഷ്ണോയ് (0) റണ്ണൗട്ട്. അഞ്ചാം പന്തില്‍ അര്‍ഷദീപ് സിങ് (0) റണ്ണൗട്ട്. അതോടെ ലക്ഷ്യം ഒരു പന്തില്‍ ഒരു റണ്‍. റിങ്കു സിങിന്റെ സിക്സര്‍ (14 പന്തില്‍ 28) ജയം നേടിക്കൊടുത്തു.