രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനവും നിയമസഭാ കൗണ്‍സില്‍ അംഗത്വവും ഇന്ന് രാജിവെക്കും. നിതിഷ് തിങ്കളാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ജെഡിയു നേതൃത്വം സ്ഥിരീകരിച്ചു.
നിതീഷിന്റെ പകരക്കാരനായി ജെഡിയുവിനെ നയിക്കാനെത്തുക മകനായിരിക്കും. നിലവിലെ ധാരണ പ്രകാരം മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെഡിയുവിന് കൂടുതല്‍ മന്ത്രിസ്ഥാനങ്ങളും ലഭിക്കും. പത്താമൂഴത്തിൽ മുഖ്യമന്ത്രി കസേരയിൽ വെറും നാലു മാസത്തോളം ചെലവഴിച്ച ശേഷമാണ് നിതീഷ് കുമാർ രാജ്യസഭയിലേക്ക് തിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ബിഹാർ രാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തേയും നിയന്ത്രിച്ച അതികായന് ഉചിതമല്ലാത്ത പടിയിറക്കമെന്ന വിമർശനം ജെഡിയു പ്രവർത്തകർ ആദ്യം മുതലേ ഉയർത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെഡിയു 85 സീറ്റും ബിജെപി 89 സീറ്റുമാണ് നേടിയത്.














































































