ബി.ജെ.പി.യുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ബി-ടീം ആയി കോൺഗ്രസ് അധഃപതിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഡൽഹിയിൽ ഇതാണ് സ്ഥിതിയെങ്കിൽ സമാനമായ കാഴ്‌ചയാണ് ഹരിയാനയിലും ബിഹാറിലും കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് യുഡിഎഫിന്റെ ഡീൽ മൂലമാണ്. എന്നാൽ, ഇടത് മുന്നണി ആ അക്കൗണ്ട് പൂട്ടിച്ചു. കോലീബി സഖ്യവും ഓർമിപ്പിച്ച അദ്ദേഹം സ്വർണക്കൊള്ള ആരോപണം തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ലെന്നും വ്യക്തമാക്കി.
ഭരണത്തുടർച്ചയ്ക്കായി കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യംവെക്കുന്നത്. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്കുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
പത്തുവർഷം മുൻപുള്ള യു.ഡി.എഫ്. സർക്കാരിൻ്റെ ഭരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ആരോഗ്യരംഗം തകർച്ചയിലായിരുന്നെന്നും പാഠപുസ്‌തകങ്ങൾ പോലും വിതരണം ചെയ്യാനാവാത്ത വിധം വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ഉത്തരവാദിത്വം ഇടത് സർക്കാർ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.













































































