ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും ഇറാൻ്റെ ശക്തമായ ആക്രമണം. അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്കു പരിക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് ഡ്രോൺ ആക്രമണമുണ്ടായി. സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിലേയ്ക്ക് നടത്തിയ മിസൈൽ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നീ ജിസിസി രാജ്യങ്ങളിലേയ്ക്കാണ് ഇറാനിൽനിന്നു ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളുണ്ടായത്. കുവൈറ്റിൽ വിമാനത്താവളത്തിൻ്റെ റഡാർ സംവിധാനം തകർന്നു.
യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്‌ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റത്. സാമ്പത്തികമേഖലയിൽ രണ്ടിടത്ത് തീപ്പിടിത്തം ഉണ്ടായി. അബുദാബിയിലെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖലയാണ് കെസാദ്.













































































