മലപ്പുറം: തൊടിയപ്പുലത്തെ 14 കാരിയുടെ കൊലപാതകം പ്രണയപ്പക മൂലമെന്ന് പൊലീസ്. അടുപ്പത്തിലായ പെണ്‍കുട്ടി തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ് കൊലപ്പെടുത്താൻ കാരണമെന്ന് പ്രതിയും പ്ലസ് വണ്‍ വിദ്യാർത്ഥിയുമായ ആണ്‍ സുഹൃത്ത് മൊഴി നല്‍കി.
പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന തോന്നലും കൊലപാതകത്തിന് കാരണമായതായി പതിനാറുകാരൻ പൊലീസിനോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള പതിനാറുകാരനെ ജെജെ ബോർഡിന് മുൻപാകെ ഹാജരാക്കി. പ്രതിയെ കോഴിക്കോട് ചില്‍ഡ്രൻസ് ഹോമിലേക്ക് മാറ്റി. അതേസമയം, കൊല്ലപ്പെട്ട ഒമ്പതാം ക്ലാസുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കും. ഇന്നലെയാണ് റെയില്‍വെ പുറംപോക്ക് ഭൂമിയില്‍ 14കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രതിയായ പ്ലസ് വണ്‍ വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞത്. സ്കൂളില്‍ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ മിടുക്കിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സ്കൂളിലും എത്തിയില്ല. വൈകുന്നേരം 6 മണിയോടെ അമ്മയെ പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്ന് വിളിച്ച് വീടിനടുത്തെത്തിയെന്നും പെട്ടെന്ന് വരാമെന്നും പെണ്‍കുട്ടി പറഞ്ഞു. പക്ഷേ രാത്രിയായിട്ടും അവള്‍ വീടെത്തിയില്ല. ആധിയിലായ വീട്ടുകാർ ഫോണില്‍ പലതവണ തിരിച്ചുവിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫായതോടെ കുടുംബം പൊലീസിനെ അറിയിച്ചു. കരുവാരകുണ്ട് പൊലീസ് നാട് അരിച്ചുപെറുക്കി.
പരിസരവാസിയായ പ്ലസ് വണ്‍ വിദ്യാർത്ഥിയുമായി പെണ്‍കുട്ടിക്ക് അടുപ്പമുള്ളത് വീട്ടുകാർക്ക് അറിയാമായിരുന്നു. പൊലീസ് താക്കീത് ചെയ്ത് വിട്ടതായിരുന്നു കൗമാരക്കാരനെ. പെണ്‍കുട്ടി എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാൻ പൊലീസ് 16 കാരന്‍റെ വീട്ടിലെത്തി. അപ്പോഴും ഒന്നും അറിയില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. പെണ്‍കുട്ടിയുടെ വീട്ടുകാർ വന്ന് ചോദിച്ചപ്പോഴും കൗമാരക്കാരൻ അതുതന്നെ ആവർത്തിച്ചു. മൊഴിയിലെ വൈരുദ്ധ്യം ശ്രദ്ധയില്‍ പെട്ട പൊലീസ് 16 കാരനെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകം നാടറിയുന്നത്.
വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടില്‍ വച്ചായിരുന്നു അരുംകൊല. പെണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നും അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോള്‍ കഴുത്ത് ഞെരിച്ച് കൊന്നെന്നുമാണ് പ്രതിയുടെ കുറ്റസമ്മതം. കൃത്യത്തിന് ശേഷം കൗമാരക്കാരൻ ഏറെ ദൂരം നടന്ന് പോയ ശേഷം തൊടിയപ്പുലം റെയില്‍വേ സ്റ്റേഷനടുത്തെ ഒരു വീട്ടില്‍ കയറി വെള്ളം ചോദിച്ചു. സ്റ്റേഷനില്‍ പോയി ഇരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് വിളിച്ചറിയിച്ചതോടെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. ഒടുവില്‍ പൊലീസ് വീട്ടില്‍ എത്തിയപ്പോഴാണ് പ്രതിയുടെ വീട്ടുകാർ സംഭവം അറിഞ്ഞത്. സ്ഥിരമായി ക്ലാസില്‍ കയറാത്ത ആളാണ് കുറ്റസമ്മതം നടത്തിയ വിദ്യാർത്ഥി. ലഹരിക്ക് അടിമയാണെന്ന ആരോപണമുണ്ടെങ്കിലും ഇതിന് മുൻപ് കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടതായി രേഖകളില്ലെന്നും പൊലീസ് പറയുന്നു.












































































