ആലപ്പുഴ: ചേർത്തലയിൽ അഞ്ച് വയസുകാരന് അമ്മയുടെയും അമ്മൂമ്മയുടെയും ക്രൂരപീഡനമെന്ന് പരാതി. ചേർത്തല സ്വദേശി ശശികലയ്‌ക്കെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. കുഞ്ഞിന്റെ മുഖം അടിയേറ്റ് മുറിഞ്ഞ നിലയിലാണ്. അമ്മൂമ്മ കഴുത്ത് ഞെരിച്ചതിനാൽ കഴുത്തിലും മുറിവുകളുണ്ട്.
ചേർത്തല നഗരസഭയിലെ പതിനഞ്ചാം വാർഡിലാണ് സംഭവം. കുട്ടിയുടെ മൊഴിയിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ ഇടപെടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. സ്‌കൂളിലെ പിടിഎ പ്രസിഡന്റാണ് കുട്ടിയുടെ ദേഹത്താകെ മുറിവുകൾ കണ്ടത്. ചോദിച്ചപ്പോൾ അമ്മയും അമ്മൂമ്മയും തന്നെ മർദ്ദിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. തുടർന്ന് വിവരം ചൈൽഡ്‌ലൈൻ ഇടപെട്ട് കുട്ടിയെ ഏറ്റെടുത്തു.
ലോട്ടറി വില്പന തൊഴിലാളിയാണ് കുട്ടിയുടെ അമ്മ. സ്കെയിൽ കൊണ്ടാണ് അമ്മ മർദിച്ചത് എന്നാണ് കുട്ടി പറയുന്നത്. നേരത്തെ അമ്മയുടെ ആൺസുഹൃത്തും കുട്ടിയെ ക്രൂരമായി മർദ്ദിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.












































































