കുറ്റിപ്പുറം: മോഷ്ടിച്ച ബൈക്കില്‍ സുഹൃത്തുമൊത്ത് കാമുകിയെക്കാണാന്‍ വരികയായിരുന്ന യുവാവ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മല്‍ ഷാജഹാന്, സുഹൃത്ത് പാറക്കല്‍ മുക്കാലി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കുറ്റിപ്പുറം പോലീസാണ് ഇരുവരെയും പിടികൂടിയത്.
തിങ്കളാഴ്ച രാത്രി എറണാകുളത്തെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് ഇരുവരും ചേര്‍ന്ന് ബൈക്ക് മോഷ്ടിച്ചു. അവിടെ നിന്ന് അജ്മല്‍ ഷാജഹാന്റെ മലപ്പുറത്തുള്ള കാമുകിയെ കാണാൻ പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കുറ്റിപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ മുന്നില്‍പ്പെട്ടത്. പോലീസിനെ കണ്ടതോടെ ഇരുവരും പരുങ്ങി. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റുകൾ ഊരിമാറ്റിയ നിലയിലായിരുന്നു. എസ്ഐ അയ്യപ്പനും, സിപിഒ രഘുവിനും ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനിടെ പ്രതികള്‍ ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു. ബൈക്കിന്റെ പിറകിലിരിക്കുകയായിരുന്ന ശ്രീജിത്ത് ഓടിരക്ഷപ്പെട്ടു. എന്നാല്‍, അജ്മലിനെക്കൊണ്ടുതന്നെ പൊലീസ് ശ്രീജിത്തിനെ തിരികെയെത്തിച്ചു. അതിനുശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.