പള്ളിമുറ്റത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് കൊഴിഞ്ഞമ്പാറ സ്വദേശിനി ഫ്രാങ്കോയെ ആണ് ടൗൺ പൊലിസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് കോൺവെന്റ് റോഡിലെ മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ ഇന്നലെ സന്ധ്യയോടെയാണ് സംഭവം നടന്നത്.
തീർത്ഥാടനത്തിനായി കോഴിക്കോട്ടെത്തിയ യുവതി പള്ളി വരാന്തയിൽ വെച്ച് പ്രസവിക്കുകയായിരുന്നു.
മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സന്ധ്യയോടെ പള്ളി ജീവനക്കാരാണ് ഭ്രൂണാവസ്ഥയിലുള്ള മൃതദേഹം ആദ്യം കണ്ടത്.
ഉടൻതന്നെ വൈദികരെ വിവരം അറിയിക്കുകയും തുടർന്ന് ടൗൺ പൊലിസ് സ്ഥലത്തെത്തുകയുമായിരുന്നു.
പള്ളിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ സാന്നിധ്യം വ്യക്തമായത്.
പള്ളി ജീവനക്കാരുടെ മൊഴിപ്രകാരം സംഭവസമയത്ത് പാലക്കാട് രജിസ്‌ട്രേഷനിലുള്ള ഒരു ബസ് പള്ളിയുടെ സമീപത്തുണ്ടായിരുന്നു.
ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവതിയെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്.
യുവതി പ്രസവിച്ചത് മരിച്ച കുഞ്ഞിനെയാണോ അതോ പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.
കുഞ്ഞിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ എന്ന് ടൗൺ പൊലിസ് അറിയിച്ചു.
സ്ഥലത്ത് ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.












































































