തിരുവനന്തപുരം: അമീബിക് മസ്തിഷ്ക (Amoebic Meningitis) ജ്വരം തടയാൻ ആരോഗ്യ വകുപ്പിൻ്റെ ജനകീയ കാംപെയ്ൻ. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് കാംപെയ്ൻ ആരംഭിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാനാണ് കാംപെയ്ൻ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 30, 31 (ശനി, ഞായർ) ദിവസങ്ങളിലാണ് കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക. ഇതോടൊപ്പം ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിന് പിന്നാലെയാണ് ഈ തീരുമാനം. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലാ സ്ഥലത്തെയും ജലസംഭരണികളും വൃത്തിയാക്കണമെന്നാണ് നിർദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് തുടങ്ങിയവരാണ് കാംപെയ്ന് നേതൃത്വം നല്‍കുന്നത്. നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു.
ഈ വർഷം മാത്രം കേരളത്തില്‍ 41 അമീബിക് മസ്തിഷ്ക ജ്വരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവില്‍ ഒമ്പത് പേരാണ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചികിത്സയില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ക്ക് മരുന്നുകള്‍ ഉറപ്പാക്കാനും മന്ത്രി നിർദേശം നല്‍കി.
സംസ്ഥാനത്തെ റിസോർട്ടുകള്‍, ഹോട്ടലുകള്‍, വാട്ടർ തീം പാർക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുന്നതിനോടൊപ്പം ക്ലോറിൻ അളവുകളും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാണ് നിർദ്ദേശത്തില്‍ പറയുന്നത്. ഈ നിർദ്ദേശം പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.