കണ്ണൂര്‍: ഇരിട്ടിയില്‍ വിഷപാമ്പിനെ പിടികൂടി കുപ്പിയിലാക്കി കുട്ടികള്‍. മൂര്‍ഖന്‍ കുഞ്ഞിനെയാണ് കുട്ടികള്‍ പിടികൂടി കുപ്പിയിലാക്കിയത്. മഴ കാരണം അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ വീട്ടുമുറ്റത്ത് കളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. ഇതിനിടയില്‍ വീട്ടുമുറ്റത്ത് കണ്ട മൂര്‍ഖന്‍ കുഞ്ഞിനെ അരണയാണെന്ന് പറഞ്ഞ് കുട്ടിക്കൂട്ടം പിടികൂടി കുപ്പിയിലാ ക്കുകയായിരുന്നു. അരണയെയാണ് എന്ന് കരുതിയെങ്കിലും പിടികൂടിയ ജീവിക്ക് കാലില്ലാത്തത് കുട്ടികളിൽ സംശയത്തിനിടയാക്കിയിരുന്നു.
പിന്നാലെ കൗതുകം പങ്കുവെക്കാന്‍ കുട്ടികളില്‍ ഒരാളുടെ രക്ഷിതാവിന് ചിത്രം അയച്ച് കൊടുത്തു. ഈ സമയത്താണ് ഇത് മൂര്‍ഖന്‍ കുഞ്ഞാണെന്ന് കുട്ടികള്‍ അറിയുന്നത്. രക്ഷിതാവ് വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വീട്ടിലെത്തി പാമ്പിനെ പിടികൂടി വനത്തില്‍ കൊണ്ടുവിട്ടു. പാമ്പ് കടിയേല്‍ക്കാതെ കുട്ടികള്‍ രക്ഷപ്പെട്ട ആശ്വാസത്തിലാണ് കുടുംബം.