താമരശ്ശേരി:കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ 14 വര്‍ഷത്തിനിടെ ഒരേസാഹര്യത്തില് മരിച്ചതില്‍ പോലീസ് നടത്തുന്നത് പഴുതടച്ചുള്ള അന്വേഷണം. കൂടുതല്‍ അന്വേഷണം വേണമെന്ന് ബോധ്യപ്പെട്ടതിനാലാണ് കല്ലറ തുറന്ന് പരിശോധിക്കുന്നതെന്ന് റൂറല്‍ എസ്.പി. കെ.ജി. സൈമണ്‍ പറഞ്ഞു.
എല്ലാവരും മരിക്കുന്നതിനു തൊട്ടുമുമ്ബ് ഭക്ഷണം കഴിച്ചിട്ടുണ്ട്. അതില്‍ മരണകാരണമായി എന്തെങ്കിലും കലര്‍ന്നിരുന്നോ ഉണ്ടെങ്കില്‍ ആരാണതിനു പിന്നില്‍ തുടങ്ങിയവ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. കല്ലറകള്‍ പൊളിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ക്കൊപ്പം അതിലെ മണ്ണുള്‍പ്പെടെ ഫൊറന്‍സിക് സംഘം പരിശോധിച്ചു.
വെള്ളിയാഴ്ച കോടഞ്ചേരി പള്ളി സെമിത്തേരിയിലെ കല്ലറയാണ് ആദ്യം തുറന്നത്. ടോം തോമസിന്റെ സഹോദരപുത്രന് ഷാജുവിന്റെ ഭാര്യ ഫിലി, ഇവരുടെ ഒരു വയസ്സ് പ്രായമുണ്ടായിരുന്ന മകള്‍ അല്‍ഫൈന്‍ എന്നിവരെയാണ് ഈ കല്ലറയില്‍ അടക്കം ചെയ്തത്. ഷാജുവിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
സെമിത്തേരി ചാപ്പലില്‍ സജ്ജീകരിച്ച മേശമേല്‍ മൃതദേഹാവശിഷ്ടങ്ങള്വെച്ച് ഫൊറന്‍സിക് സര്ജന്മാരും പോലീസും ചേര്‍ന്ന് തെളിവുകള്‍ ശേഖരിച്ചു. പത്തു മണിയോടെ തുടങ്ങിയ പരിശോധന ഒന്നരമണിക്കൂറോളം നീണ്ടു. തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ തിരികെ കല്ലറയില്‍ അടക്കം ചെയ്തു.
ഉച്ചയ്ക്ക് 12 മണിയോടെയാണ് കൂടത്തായി പള്ളി സെമിത്തേരിയിലെ കല്ലറകള്‍ തുറന്നത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന് റോയി തോമസ് എന്നിവരെ അടക്കം ചെയ്ത കല്ലറയും അന്നമ്മയുടെ അനുജന് മച്ചാടിയില്‍ മാത്യുവിനെ അടക്കം ചെയ്ത കല്ലറയുമാണ് പരിശോധിച്ചത്. മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് സെമിത്തേരിയിലെ ചാപ്പലിലേക്കുമാറ്റിയായിരുന്നു പരിശോധന. ടോം തോമസിന്റെ മകളും ഏതാനും ബന്ധുക്കളും സെമിത്തേരിയിലെത്തിയിരുന്നു. ഒന്നരയോടെ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹാവശിഷ്ടങ്ങള്‍ തിരികെ കല്ലറകളില്‍ അടക്കം ചെയ്തു.
റൂറല്‍ എസ്.പി.ക്കു പുറമേ, അഡീഷണല്‍ എസ്.പി. ടി.കെ. സുബ്രഹ്മണ്യന്, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഹരിദാസന്, എസ്. ഐ. ജീവന് ജോര്‍ജ്, മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. പ്രസന്ന, ഡോ. സുജിത്ത് ശ്രീനിവാസ്, ഡോ. രതീഷ്, ഡോ. ജിബിന്‍, ഡോ. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിരലടയാളവിദഗ്ധരും സംഘത്തിലുണ്ടായിരുന്നു. താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
മരണത്തിന്റെ നാള്‍വഴി
2002 സെപ്റ്റംബര്‍ 22: ടോം തോമസിന്റെ ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57)മരിച്ചു. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത ഉണ്ടായി മരിക്കുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല
2008 സെപ്റ്റംബര്‍ 26: ടോം തോമസ്(66) സമാനരീതിയില്‍ മരിച്ചു. ഛര്‍ദിയെത്തുടര്‍ന്നായിരുന്നു മരണം
2011 ഒക്ടോബര്‍ 30: ടോം തോമസിന്റെ മൂത്തമകന് റോയി തോമസ്(40)മരിച്ചു. മരണം ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലുള്ളവര്‍ പറഞ്ഞെങ്കിലും ചിലര്‍ സംശയമുന്നയിച്ചതിനെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തി. സയനൈഡ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തി. ഇതില്‍ കോടഞ്ചേരി പോലീസ് കേസെടുത്തെങ്കിലും കൂടുതല്‍ അന്വേഷണം ഉണ്ടായില്ല
2014 ഏപ്രില്‍ 24: അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എം.എം. മാത്യു (67) മരിച്ചു. മറ്റുള്ളവരെ പോലെത്തന്നെ അസുഖങ്ങളൊന്നും ഇല്ലാതിരിക്കെയാണ് മരിച്ചത്.
2014 മേയ് 1: ടോം തോമസിന്റെ സഹോദരന്റെ മകന് ഷാജുവിന്റെ ഒരു വയസ്സ് പ്രായമായ മകള്‍ അല്‍ഫൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മരിച്ചു.
2016 ജനുവരി 11: ഷാജുവിന്റെ ഭാര്യ ഫിലി (43)മരിച്ചു. പിന്നീട് റോയിയുടെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി.