നെറ്റിത്തൊഴുവിനു സമീപം മയിലാടുംപാറയിൽ കേരള തമിഴ്‌നാട് അതിർത്തിക്ക് സമീപത്തുള്ള ഏലത്തോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്. മയിലാടുംപാറ വയലിൽ സണ്ണി എന്നയാളുടെ ഏലത്തോട്ടത്തിലെ ആഴമുള്ള കുഴിയിൽ അകപ്പെട്ട നിലയിലാണ് കടുവയെ കണ്ടെത്തിയത്. നായയുടെ കുര കേട്ട് എത്തിയ സ്ഥലമുടമയാണ് ആദ്യം കണ്ടത്. കുഴിക്ക് 15 അടിയോളം താഴ്ച്ചയുണ്ടായിരുന്നു. കടുവയ്ക്കൊപ്പം ഒരു നായയും കുഴിയിൽ ഉണ്ടായിരുന്നു. നായയെ വേട്ടയാടാൻ ശ്രമിക്കുന്നതിനിടെ രണ്ടും കുഴിയിൽ വീണതാകാമെന്നാണ് നിഗമനം. ഉടൻതന്നെ വണ്ടൻമേട് പോലീസും വനം വകുപ്പിലും വിവരം അറിയിച്ചു.തുടർന്നാണ് കടുവയെ പുറത്തിറക്കാൻ നടപടി ഉണ്ടായത്.
തുടർന്ന് കൂട്ടിലടച്ച് പ്രത്യേക വാഹനത്തിൽ തേക്കടിയിൽ എത്തിച്ച കടുവയെ പ്രാഥമിക ശുശ്രൂഷ നൽകി. നായ ഒപ്പമുണ്ടായിരുന്നതിനാൽ പേവിഷ വാക്സിനും എടുത്തു. കടുവയുടെ മുഖത്ത് മുളളൻപന്നിയുടെ മുള്ള് തറച്ചിരുന്നു. നിരീക്ഷണത്തിനു ശേഷം കടുവയെ ഉൾവനത്തിൽ കടുവയുടെ എണ്ണം കുറഞ്ഞ മേഖലയിൽ എത്തിച്ച് തുറന്നു വിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ജനവാസ മേഖലയിൽ എത്തിയ കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.












































































