കൊണ്ടോട്ടി: മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് കോളേജ് വിദ്യാർത്ഥിനിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പൊലീസ് പിടിയിൽ. കൊട്ടപ്പുറം സ്വദേശികളായ തസ്രീഫ് (21), നിദാല്‍ (21), പുളിക്കല്‍ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മുഖം മോർഫ് ചെയ്ത് നഗ്ന ദൃശ്യങ്ങള്‍ ഉണ്ടാക്കി വ്യാജ ഇൻസ്റ്റാഗ്രാം ഐഡിയിലൂടെ വിദ്യാർത്ഥിനിക്ക് അയച്ച് കൊടുത്ത് 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കൊണ്ടോട്ടി സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ പഠന കാലത്ത് പെണ്‍കുട്ടിയുടെ സീനിയർ വിദ്യാർഥിയായിരുന്ന മുഹമ്മദ് തസ്രീഫ് ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഐഡിയിലേക്ക് സന്ദേശങ്ങളും വീഡിയോ ദൃശ്യവും അയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടി ഇക്കാര്യം കൊണ്ടോട്ടി പൊലീസില്‍ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പൊലീസ് പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ കൊടുക്കുവാൻ പോകുകയാണെന്നു മനസ്സിലാക്കി.