തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടങ്ങിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കാട്ടാക്കട റസിയ മന്‍സിലില്‍ എസ് സുമയ്യ. സര്‍ജറിക്ക് മുമ്പ് ഡോക്ടര്‍ രാജീവ് കുമാറിന് പണം നല്‍കിയെന്ന് സുമയ്യ പറഞ്ഞു. നെടുമങ്ങാടുള്ള ക്ലിനിക്കില്‍ പോയായിരുന്നു ഡോക്ടറെ കണ്ടിരുന്നത്. സര്‍ജറിക്ക് മുമ്പായി ഡോക്ടര്‍ക്ക് നാലായിരം രൂപ നല്‍കി. ആദ്യം രണ്ടായിരവും പിന്നീട് രണ്ടായിരവുമാണ് നല്‍കിയത്. ഇതിന് ശേഷം ഓരോ തവണ കാണാന്‍ പോകുമ്പോഴും അഞ്ഞൂറ് രൂപ വീതം നല്‍കിയിരുന്നതായും സുമയ്യ പറഞ്ഞു.
അനസ്‌തേഷ്യ നല്‍കിയതിലും സുമയ്യ സംശയം പ്രകടിപ്പിച്ചു. 'എന്റെ കൊച്ചിനെ തിരിച്ച് നല്‍കണം' എന്ന് അനസ്‌തേഷ്യ ഡോക്ടറോട് രാജീവ് ഡോക്ടര്‍ പറയുന്നത് കേട്ടതായി സുമയ്യ പറഞ്ഞു. സര്‍ജറിക്ക് ശേഷം രണ്ടാമത് ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടുപോയപ്പോഴാണ് ഇത് പറഞ്ഞത്. തനിക്ക് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ എന്തോ പ്രശ്‌നമുണ്ടെന്നാണ് കരുതിയതെന്നും സുമയ്യ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചിരുന്നു. ആ സമയങ്ങളിലെല്ലാം 200, 500 രൂപ വീതം നല്‍കിയിരുന്നുവെന്നും സുമയ്യ പറഞ്ഞു.
ഗൈഡ് വയര്‍ കീഹോള്‍ ശസ്ത്രക്രിയ വഴി എടുത്തുനല്‍കാമെന്ന് രാജീവ് ഡോക്ടര്‍ പറഞ്ഞിരുന്നു. ആ ഉറപ്പിന്റെ പേരിലാണ് താന്‍ നിയമനടപടി സ്വീകരിക്കാതിരുന്നത്. ഇപ്പോള്‍ ഗൈഡ് വയര്‍ എടുത്തുനല്‍കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍ പറയുന്നതെന്നും സുമയ്യ പറഞ്ഞു. ഡോക്ടര്‍ രാജീവിനെ ആരോഗ്യ വിഭാഗം ഡയറക്ടര്‍ അടക്കം സംരക്ഷിക്കുകയാണ്. ഇതില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സുമയ്യ വ്യക്തമാക്കി.
2023 മാര്‍ച്ചിലായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുകയാണ് ചെയ്തത്. ഡോ. രാജീവ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഇതിന് ശേഷം എട്ട് ദിവസം തീവ്രപരിചണ വിഭാഗത്തില്‍ കഴിഞ്ഞു. കഴുത്തിലും കാലിലും ട്യൂബുകള്‍ ഇട്ടിരുന്നു. ശസ്ത്രക്രിയയുടെ മുറിവുകള്‍ ഉണങ്ങിയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് ശേഷം സുമയ്യയ്ക്ക് വലിയ രീതിയില്‍ ശ്വാസ തടസ്സവും കിതപ്പും അനുഭവപ്പെട്ടു. 2025 മാര്‍ച്ചില്‍ കഫക്കെട്ട് വന്നപ്പോള്‍ വീടിനടുത്തുള്ള ക്ലിനിക്കില്‍ പോയി. അവിടുത്തെ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് എക്‌സറെ എടുത്തപ്പോഴാണ് നെഞ്ചില്‍ വയര്‍ കുടുങ്ങിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ രാജീവ് ഡോക്ടറെ സമീപിച്ചു. കീകോള്‍ ശസ്ത്രക്രിയയിലൂടെ എടുത്തുനല്‍കാമെന്നായിരുന്നു ഡോക്ടര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.