പെരിന്തൽമണ്ണ കൊളത്തൂർ തെക്കേക്കരയിൽ നിന്നും രണ്ടു ദിവസം മുൻപ് കാണാതായ മണക്കാട്ടുതൊടി രാധയെ ആളൊഴിഞ്ഞ തൊടിയിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തിയ ക്വാറിക്ക് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കൊളത്തൂർ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് കൊളത്തൂർ തെക്കേക്കര മണക്കാട്ടുതൊടി ഉണ്ണിക്കൃഷ്ണന്റെ ഭാര്യ രാധയെ വീട്ടിൽനിന്നു കാണാതായത്. വീട്ടമ്മയെ കാണാനില്ലെന്ന പരാതിയിൽ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് സമീപത്തെ ക്വാറിക്കുളത്തിലും ജലാശയങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഒരു കി.മീ. അകലെയുള്ള കല്ലിരട്ടിയിലെ ആഴമേറിയ ഈ ക്വാറിക്കുളത്തിന്റെ പരിസരങ്ങളിൽ നാട്ടുകാരിൽ ചിലർ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ തിരച്ചിൽ നടത്തിയത്.
പെരിന്തൽമണ്ണയിൽ നിന്നും മലപ്പുറത്തു നിന്നും എത്തിയ അഗ്നിരക്ഷാ സേനയിലെ സ്കൂബാ ഡൈവിങ് ടീമിന്റെ നേതൃത്വത്തിലായിരുന്നു മുങ്ങിത്തപ്പിയുള്ള പരിശോധന. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഒന്നര മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായിരുന്നില്ല.