മലപ്പുറം: സ്കൂള്‍ ബസിനുള്ളില്‍ വെച്ച് എല്‍.കെ.ജി വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ ബസ് ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു.
കന്മനം സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിഖ് (24) ആണ് കല്‍പകഞ്ചേരി പോലീസിന്റെ പിടിയിലായത്.
കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ വിദ്യാലയത്തില്‍ പഠിക്കുന്ന നാലുവയസ്സുകാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. വൈകുന്നേരം കുട്ടികളെ വീട്ടിലാക്കാൻ പോകുന്നതിനിടെ ബസിന്റെ പിൻസീറ്റില്‍ വെച്ച് പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീട്ടുകാർ വിവരം ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പകഞ്ചേരി പോലീസ് പോക്സോ (നിയമപ്രകാരം കേസെടുത്ത് പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായിട്ടാണ് പോലീസ് ഈ സംഭവത്തെ കാണുന്നത്.















































































