അടിമാലി: അടിമാലിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട് ഇടിയുകയും അടിയില്‍പ്പെട്ട് ഗൃഹനാഥന്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കി ദേശീയപാത വിഭാഗം. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് മരിച്ച ബിജുവിന്റെ കുടുംബത്തിന് ദേശീയപാത വിഭാഗം ഒരു ലക്ഷം രൂപ ധനസഹായം നല്‍കിയത്. തുക നല്‍കുന്നതില്‍ ദേശീയപാത വിഭാഗം കാലതാമസം വരുത്തിയതായി ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് പറഞ്ഞു.
ബിജുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതില്‍ നിയമപരമായ തടസങ്ങളുണ്ടെന്നും കളക്ടര്‍ പറഞ്ഞു. മനുഷ്യ നിര്‍മിത ദുരന്തമാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ ദുരന്തനിവാരണ നിയമപ്രകാരം തുക നല്‍കാനാവില്ല. അത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാകണം. ബിജുവിന്റെ മകള്‍ക്ക് ജോലി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് ഉടന്‍ വാടക നല്‍കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 25നായിരുന്നു അടിമാലി കൂമ്പന്‍പാറയിലെ ലക്ഷംവീട് കോളനിയിൽ ദുരന്തമുണ്ടായത്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ബിജുവും സന്ധ്യയും താമസിച്ചിരുന്നത്. ചില സാധനങ്ങള്‍ എടുക്കുന്നതിനായി വീട്ടില്‍ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി മണ്ണിടിച്ചില്‍ ഉണ്ടാകുന്നതും ബിജുവും സന്ധ്യയും കുടുങ്ങുന്നതും. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് സംഘം അടക്കം എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സന്ധ്യയെ ആദ്യം പുറത്തെത്തിച്ചു. തൊട്ടുപിന്നാലെ ബിജുവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശം വർധിച്ച് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലായതോടെയായിരുന്നു കാൽ മുട്ടിന് മുകളിൽവെച്ച് മുറിച്ചുനീക്കിയത്. സംഭവം വാര്‍ത്തയായതോടെ സന്ധ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. സന്ധ്യയ്ക്ക് കൃത്രിമ കാല്‍ നല്‍കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.














































































