കോട്ടയം: വൈക്കം സ്വദേശിയായ നേഴ്സും രണ്ടു കുട്ടികളും ബ്രിട്ടനിൽ മരിച്ച സംഭവം കൊലപാതകമെന്ന് യുകെ പോലീസ് സ്ഥിരീകരിച്ചു. ബ്രിട്ടനിലെ കെറ്ററിങ്ങിൽ ജനറൽ ആശുപത്രിയിൽ നേഴ്സ് ആയിരുന്ന അഞ്ചുവും, മക്കളായ ജാൻവിയും, ജീവയും ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ ശ്രീകണ്ഠാപുരം പടിയൂർ സ്വദേശിയായ ഭർത്താവ് സാജുവിനെതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പോലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചു. അഞ്ജുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് അറിയിച്ചത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സാജുവിനെ 72 മണിക്കൂർ കൂടി പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. വ്യാഴാഴ്ചയാണ് അഞ്ചുവിനെയും മക്കളെയും ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് അഞ്ചു മരണപ്പെട്ടിരുന്നു. കുട്ടികൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
