രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950ൽ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസത്തിൻ്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. നാം എല്ലാ വർഷവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പ്രൗഢപരേഡാണ് റിപ്പബ്ലിക് ദിനത്തിൻ്റെ മുഖ്യആകർഷണം. രാഷ്ട്രപതി രാവിലെ പതാക ഉയർത്തും. പിന്നാലെ എല്ലാവരും ഒരുമനസോടെ ജനഗണമന ചൊല്ലും. അതിന് ശേഷമാണ് സായുധ ആർമി റെജിമെൻ്റിൻ്റെ 21 ഗൺ സല്യൂട്ട് നടക്കുക. നാവികസേനയും വ്യോമസേനയും കരുത്തുകാട്ടും. എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷമാണ് നടക്കുക.

രാവിലെ 9 മണിക്ക്
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ
പതാകയുയർത്തും. ചടങ്ങിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. വിവിധ സേനാ വിഭാഗങ്ങളുടേയും
അശ്വാരൂഢ സേന, സംസ്ഥാന പൊലീസ്, എൻ.സി.സി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ്
പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. ഭാരതീയ
വായുസേന ഹെലികോപ്റ്ററിൽ പതാകയുയർത്തും.നിയമസഭയിൽ 9.30 ന് സ്പീക്കർ എ.എൻ ഷംസീർ പതാകയുയർത്തും. മറ്റ് ജില്ലകളിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പതാക ഉയർത്തും.