വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജൂലായ് ഒന്നു മുതൽ ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. 10 വർഷം പഴക്കമുള്ള ഡീസൽ കാറുകൾക്കും 15 വർഷം പഴക്കമുള്ള പെട്രോൾ കാറുകൾക്കും പുറമെ 15 വർഷം പഴക്കമുള്ള സിഎൻജി കാറുകൾക്കും നിരോധനം ഏർപ്പെടുത്താനായിരുന്നു സർക്കാർ തീരുമാനം.
സിഎൻജി വാഹനങ്ങളുടെ ഉടമകൾക്ക് തൽക്കാലം ആശ്വാസിക്കാം. പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ നിയന്ത്രിക്കണം. 'പഴയ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കില്ലെന്ന് ഉറപ്പാക്കാൻ പെട്രോൾ പമ്പുകളിലേക്ക് ടീമുകളെ അയക്കും. എന്നാൽ സിഎൻജി സ്റ്റേഷനുകളിലേക്ക് ഈ ടീമുകളെ അയക്കില്ല. അതിനാൽ സിഎൻജി വാഹന ഉടമകൾ ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ല', ഡൽഹി ഗതാഗത കമ്മീഷണർ നിഹാരിക റായ് പറഞ്ഞു.
പഴയ വാഹനങ്ങൾ നിരോധിക്കുന്ന നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ഈ നടപടി. ഇതിനായി ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ് (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകൾ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യും. അനുവദനീയമായതിനേക്കാൾ പഴക്കമുള്ള കാറാണെങ്കിൽ സിസ്റ്റം അത് തിരിച്ചറിയും.
തുടർന്ന് പമ്പുകളിലെ ഗതാഗത വകുപ്പ് ടീമുകൾ ഇന്ധനം നൽകുന്നത് നിർത്തിച്ച് വാഹനം പിടിച്ചെടുക്കുകയും പൊളിക്കാൻ അയക്കുകയും ചെയ്യും. അതേസമയം, പഴയ വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിർത്തിയാൽ പമ്പുകളിൽ വഴക്കും പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പെട്രോൾ പമ്പ് ഉടമകൾ ഭയക്കുന്നുണ്ട്. ഇത് കൈകാര്യം ചെയ്യാൻ ഡൽഹി ട്രാഫിക് പോലീസ് കൂടുതൽ പോലീസുകാരെ വിന്യസിക്കുമെന്ന് ഡൽഹി ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ അജയ് ചൗധരി പറഞ്ഞു.