തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ അര്‍ധകായ പ്രതിമ രാഷ്ട്രപതി ദ്രൗപതി മുര്‍മു വ്യാഴാഴ്ച രാജ്ഭവനില്‍ അനാച്ഛാദനം ചെയ്യും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും കേരള മുന്‍ ഗവര്‍ണറും നിലവില്‍ ബീഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാനും അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കെ കേരള രാജ്ഭവനില്‍ കെ ആര്‍ നാരായണന്റെ പ്രതിമ സ്ഥാപിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. രാജ്യസേവനം നടത്തിയ മുന്‍ രാഷ്ട്രപതിമാരെ അതാത് സംസ്ഥാനങ്ങളിലെ രാജ്ഭവനുകളില്‍ ആദരിക്കണമെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ അന്നത്തെ രാഷ്ട്രപതിയ്ക്ക് അയച്ച കത്തിലെ ഉള്ളടക്കം. ഫൈന്‍ ആര്‍ട്ട് കോളേജ് മുന്‍ വിദ്യാര്‍ഥി സിജോയാണ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ നാരായണന്‍കുട്ടിയുടെ മേല്‍നോട്ടത്തില്‍ കെ ആര്‍ നാരായണന്റെ അര്‍ധകായ പ്രതിമ തയാറാക്കിയിരിക്കുന്നത്. സിമന്റ് ഉപയോഗിച്ചാണ് പ്രതിമയുടെ നിർമ്മാണം.