തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.
വിവാഹിതയായ അഞ്ജലി ജോലിസൗകര്യാർഥം നെയ്യാറ്റിൻകരയിലെ ഒരുവീട്ടില്‍ പേയിങ്ഗസ്റ്റ് ആയി താമസിച്ചുവരികയായിരുന്നു. സ്ഥാപനത്തിലെ നാലുപേർ ആയിരുന്നു ഇവരോടൊപ്പം മുറിയില്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിഡ്യൂട്ടി ആയതിനാല്‍ അഞ്ജലിക്ക് ശനിയാഴ്ച അവധിയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ഡ്യൂട്ടിക്ക് പോയിരുന്നു.
സംഭവസമയം അഞ്ജലി മാത്രമാണ് താമസസ്ഥലത്തുണ്ടായിരുന്നത്. ഏറെനേരമായിട്ടും അഞ്ജലിയെ പുറത്ത് കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് 'ഞാൻ പോകുന്നു' എന്ന് എഴുതിയ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, മരണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.