പാലക്കാട്: പാലക്കാട്–പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ദീർഘനാളത്തെ ആവശ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയതായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

യാത്രക്കാരുടെ സൗകര്യം മുൻനിർത്തി വിഷയം അനുഭാവപൂർവ്വം പരിഗണിക്കുകയും വേഗത്തിൽ നടപടി സ്വീകരിക്കുകയും ചെയ്തതിനായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് സുരേഷ് ഗോപി നന്ദി രേഖപ്പെടുത്തി.
ജനക്ഷേമത്തിനായി നടത്തിയ ഇടപെടലുകൾ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും വികസനത്തിന്റെ പാതയിൽ എല്ലാവരും ഒരുമിച്ച് മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട്–പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഇരു പ്രദേശങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.













































































