വയനാട് കല്‍പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചെന്നാണ് എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞത്.
പുക ഉയർന്ന സമയത്ത് വെന്‍റിലേറ്ററില്‍ നിന്ന് നസീറയുമായി ഓടുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നാം വാർഡിലാണ് നിലവില്‍ മൃതദേഹമുള്ളത്. മൃതദേഹം നേരില്‍ കണ്ടതായും നസീറയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും ടി. സിദ്ദീഖ് അറിയിച്ചു.
വൈകിട്ട് എട്ടു മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പുക ഉയർന്നതിനെ തുടർന്ന് 200ലധികം രോഗികളെ ഒഴിപ്പിച്ചത്. അത്യാഹിത വിഭാഗത്തോട് ചേർന്ന സി.ടി സ്കാന്‍റെ സമീപത്തുള്ള യു.പി.എസ് മുറിയില്‍ നിന്നാണ് പൊട്ടിത്തെറി ശബ്ദം കേട്ടതും വലിയ പുക നിറയുകയും ചെയ്തത്. ഇതോടെ പരിഭ്രാന്തരായ രോഗികളുടെ കൂട്ടിരിപ്പുകാർ ആദ്യം കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിയോടി. പിന്നീടാണ് രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങിയത്.
അത്യാഹിത വിഭാഗം ബ്ലോക്കില്‍ കഴിഞ്ഞിരുന്ന 34 രോഗികളെയാണ് നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. മിംസ് ആശുപത്രി-3, ബീച്ച് ആശുപത്രി-12, ബേബി മെമ്മോറിയല്‍ ആശുപത്രി -6, സ്റ്റാർ കെയർ ആശുപത്രി - 2, കോഓപറേറ്റീവ് ആശുപത്രി - 1, നിർമല ആശുപത്രി-2, ഇഖ് റ ആശുപത്രി -2 എന്നിങ്ങനെയാണ്.