പത്തനംതിട്ട: ശബരിമല കൊടിമരക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍. കൊടിമരത്തില്‍ ഉപയോഗിച്ചതിന്റെ ബാക്കി സ്വര്‍ണത്തിന്റെ കണക്കില്ല. 30 പവന്‍ സ്വര്‍ണം ബാക്കി വന്നെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അനുമാനം. ഈ സ്വര്‍ണം താഴികക്കുടത്തില്‍ പൂശുകയോ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത കുറവുണ്ട്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സിന്റെ സംശയം ശരിവെക്കുകയാണ് സംസ്ഥാന വിജിലന്‍സും. കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9 കിലോ 570 ഗ്രാം സ്വർണമാണ് ദേവസ്വം ബോർഡിന്‍റെ കയ്യിലുണ്ടായിരുന്നത്. ഇതിൽ 9 കിലോ 340 ഗ്രാം സ്വർണമാണ് കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. ബാക്കി വന്ന 30 പവൻ സ്വർണത്തിന്‍റെ കണക്കുകൾ ദേവസ്വം ബോർഡിന്‍റെ പക്കൽ ഇല്ല.
കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഭക്തര്‍ സംഭാവന ചെയ്ത 412 ഗ്രാം സ്വര്‍ണം ഉൾപ്പെടെയുള്ള സ്വർണത്തിന്‍റെ കണക്കുകളാണ് ഇല്ലാത്തത്. 27 ഭക്തരില്‍ നിന്ന് സംഭാവനയായി ലഭിച്ച 412 ഗ്രാം സ്വര്‍ണമാണ് കാണാതായിരിക്കുന്നത്. എന്നാല്‍ ഇതില്‍ ചില ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് രേഖകളില്ല. 27ല്‍ 12 പേര്‍ക്കും രസീത് നല്‍കാതെയാണ് സംഭാവന സ്വീകരിച്ചിരിക്കുന്നത്. സംഭാവന നല്‍കിയവരില്‍ സിനിമ നടന്മാരും നിര്‍മാതാക്കളുമുള്‍പ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭാവന നല്‍കിയ മറ്റുള്ളവരുടെ മൊഴി ഈ ആഴ്ച്ച തന്നെ രേഖപ്പെടുത്തുമെന്ന് വിജിലന്‍സ് അറിയിച്ചു.













































































