കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് സ്‌കൂള്‍ മാനേജര്‍ തുളസീധരന്‍പ്പിള്ള. മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിച്ച സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ കയറാനുള്ള പഴുതുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് വര്‍ഷമായി ഈ ഷെഡ്ഡുണ്ടെന്നും ഇന്നുവരെ അപകടാവസ്ഥയുണ്ടായിട്ടില്ലെന്നും തുളസസീധരന്‍പ്പിള്ള പറഞ്ഞു.
'40 വര്‍ഷമായുള്ള വൈദ്യുത ലൈനാണ്. ഒമ്പത് വര്‍ഷമായി ഈ ഷെഡ്ഡുണ്ട്. താല്‍ക്കാലിക ഷെഡ്ഡാണെങ്കില്‍ പഞ്ചായത്ത് അനുമതി വേണ്ടെന്നാണ് അറിഞ്ഞത്. ഷെഡ്ഡിന് മുകളില്‍ കേബിള്‍ വീണിട്ടില്ല. ഷെഡ്ഡിന്റെ മുകളില്‍ ആരും കയറാറില്ല. ഷെഡ്ഡിന് മുകളില്‍ കയറാനുള്ള പഴുതുണ്ടായിരുന്നില്ല. കുട്ടിയെ എടുക്കാന്‍ വേണ്ടിയാണ് പലക വെച്ചത്. ഡെസ്‌കിട്ട്, കസേരയിട്ട്, കാല് കവച്ച് വെച്ചാണ് കുട്ടി ഷെഡ്ഡില്‍ ഇറങ്ങിയത്. ആരും ഇതുവരെ അവിടെ ഇറങ്ങിയിട്ടില്ല', അദ്ദേഹം പറഞ്ഞു.
സ്‌കൂളിന്റെ പുറക് വശത്താണ് ഷെഡ്ഡുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ രണ്ടിന് സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും താലൂക്ക് തല മേധാവികള്‍ പങ്കെടുത്തുള്ള യോഗം നടന്നിരുന്നുവെന്നും ഈ വിഷയം അന്ന് ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യം മിനുറ്റ്‌സില്‍ ഇല്ലല്ലോയെന്ന് ചോദിച്ചപ്പോള്‍ പൊതുവായിട്ടാണ് പറഞ്ഞതെന്നും ഈ വൈദ്യുത ലൈനിന്റെ കാര്യം എടുത്തുപറഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രതികരണം. മിനുറ്റ്‌സിന്റെ കാര്യം ശ്രദ്ധിക്കേണ്ടത് കെഎസ്ഇബിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇങ്ങനെ സംഭവിക്കുമെന്ന് അറിയില്ലല്ലോ. കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ശ്രദ്ധയുണ്ടാകുമെന്നും പരിശോധിക്കുമെന്നും പറഞ്ഞിരുന്നു. ജനകീയ മാനേജ്‌മെന്റാണ് 40 വര്‍ഷമായി ഇവിടെയുള്ളത്. എല്ലാവര്‍ഷവും എഞ്ചിനീയര്‍ വന്ന് പരിശോധന നടത്താറുണ്ട്. ഈ അപകടത്തിന്റെ പശ്ചാത്തില്‍ ഇനിയുള്ള കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തും. നല്ല രീതിയില്‍ കൊണ്ടുപോകാനുള്ള മാറ്റങ്ങള്‍ ശ്രമിക്കും', തുളസീധരന്‍പ്പിള്ള പറഞ്ഞു.