അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായി അതീവ
ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എഴുവയസുകാരന് 10- ദിവസം
മരണത്തിന് കീഴടങ്ങി. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
ചികിത്സയിലായിരുന്ന കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ
ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു വരികയായിരുന്നു. കുട്ടിയുടെ
മരണം കോലഞ്ചേരി മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ജി
ശ്രീകുമാറാണ് മാധ്യമങ്ങളെ അറിയിച്ചത്.
കുട്ടിയെ വെന്റിലേറ്ററില്‍
നിന്നും മാറ്റാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനെ
അതിജീവിക്കാന്‍ കുട്ടിക്കായില്ല. അമ്മയുടെ സുഹൃത്തായ യുവാവിന്റെ
ക്രൂരമര്‍ദനത്തില്‍ തലയോട്ടി പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
തലച്ചോറിലെ
രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും
കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റം വന്നിരുന്നില്ല. തലച്ചോറിലേക്കുള്ള
രക്തയോട്ടം പൂര്‍ണമായും നിലച്ചിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചെങ്കിലും
കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്
തീരുമാനിക്കുകയായിരുന്നു. മര്‍ദനത്തില്‍ ശ്വാസകോശത്തിനും ഹൃദയത്തിനും
വന്‍കുടലിനും തകരാറ് സംഭവിച്ചു. രണ്ട് കണ്ണും പുറത്തേക്ക് തള്ളി
വന്നിരുന്നു.
കേസില്‍ നേരത്തെ കസ്റ്റഡിയില്‍ എടുത്ത പ്രതി അരുണ്‍
ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വധശ്രമം അടക്കമുള്ള
വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തതത്. ഇനി കൊലപാതക
കുറ്റവും ചുമത്തും. അരുണ്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളായിരുന്നു.
മുന്‍കാലങ്ങളില്‍ ഇയാള്‍ നടത്തിയ ആക്രമണങ്ങള്‍ ആളുകളുടെ തലയ്ക്കടിക്കുന്ന
വിധത്തിലാണ്. റിപ്പര്‍ മോഡല്‍ ആക്രമണ സ്വഭാവമാണ് അരുണ്‍
പ്രകടിപ്പിച്ചിരിക്കുന്നത്. കൊലപാതകം അടക്കം ആറ് കേസുകളില്‍ ഇതിന് മുന്‍പ്
പ്രതിയായിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ പോലീസ് അന്വേഷണത്തില്‍
വ്യക്തമായത്.