തിരുവനന്തപുരം: ജനപ്രിയ നിയമങ്ങളുമായി സംസ്ഥാന സർക്കാർ. വായ്പ മുടങ്ങിയതിന്റെ പേരില്‍ കിടപ്പാടം നഷ്ടപ്പെടാതിരിക്കാനുളള ബില്‍, അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നല്‍കുന്ന ബില്‍ എന്നിവയാണ് മന്ത്രിസഭ പാസ്സാക്കിയിരിക്കുന്നത്. 2-3 ലക്ഷം രൂപ വായ്പയെടുക്കുകയും ഇത് അടയ്ക്കാൻ സാധിക്കാതെ വന്ന് പലിശ കൂടി വീട് നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ആവർത്തിച്ച് കൊണ്ടിരിക്കെയാണ് 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍ കരടിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ ( മനപ്പൂർവമായി വീഴ്ച വരുത്താത്ത ) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികള്‍ കണ്ടെത്തിയ കേസുകളില്‍ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്ബോള്‍ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്. പ്രതിവർഷം മൂന്നുലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവർക്കും ആകെ വായ്പാതുക 5 ലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകള്‍ക്കുമാണ് കർശന ഉപാധികളോടെ നിയമപരിരക്ഷ ലഭിക്കുക.
ഇത് കൂടാതെ 2025ലെ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ബില്ല്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര നിയമത്തില്‍ ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത്. ഇത് പ്രകാരം അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലാനുളള അനുമതി ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നത്.
1961 ലെ കേരള വന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 2025ലെ കേരള വന ഭേദഗതി ബില്ലിൻ്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങള്‍ വനം വകുപ്പ് മുഖേന മുറിച്ച് വില്പന നടത്തി അതിൻ്റെ വില കർഷകന് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍:
* കേരള കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി അംഗീകരിച്ചു.
* 2025ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി കരട് ബില്‍ അംഗീകരിച്ചു.
* കേരള മുനിസിപ്പാലിറ്റി ആക്‌ട് ഭേദഗതി കരട് ബില്‍ അംഗീകരിച്ചു.
* കേരള പഞ്ചായത്ത് രാജ് ആക്‌ട് ഭേദഗതി കരട് ബില്‍ അംഗീകരിച്ചു.
* 2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവല്‍ക്കരണ ബില്‍ കരട് അംഗീകരിച്ചു. ക്രമവല്‍ക്കരണം അനുവദിക്കുന്ന ഭൂമിക്ക് നിർണയിക്കപ്പെട്ട പ്രകാരം പരിധി ഏർപ്പെടുത്തും.
* കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങള്‍ തുടർന്നും നടത്തുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കി. 1960 ലെ കേന്ദ്രനിയമത്തില്‍ ദേദഗതി വരുത്താനുള്ളതാണ് കരടു ബില്‍.