ശമ്പള പരിഷ്കരണമടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തൃശൂർ ജില്ലയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കി സൂചനാ സമരം നടത്തി. ദൈനംദിന വേതനം 1500 രൂപയാക്കണമെന്ന ആവശ്യമുയർത്തിയാണ് നഴ്സുമാരുടെ സമരം. ഈ മാസം പത്തിന് ഹൈക്കോടതി നിർദേശാനുസരണം ചേരുന്ന ചർച്ചയിൽ മാനേജ്മെൻറുകൾ അനുഭാവപൂർണമായ നിലപാട് എടുത്തില്ലെങ്കിൽ പണിമുടക്ക് സംസ്ഥാന വ്യാപകമാക്കുമെന്ന് യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. അഞ്ച് വർഷമായിട്ടും വേതന പരിഷ്കരണം നടപ്പാക്കാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് തൃശൂരിൽ നഴ്സുമാർ പണിമുടക്കി കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. മിനിമം വേതനം പരിഷ്കരിക്കേണ്ട കാലാവധി മൂന്ന് വർഷമെന്നിരിക്കെ മാനേജ്മെൻറുകൾ അനുഭാവപൂർണമായ നടപടിയെടുക്കുന്നില്ലെന്നാണ് യുഎൻഎയുടെ ആരോപണം. പത്തിന് നടക്കുന്ന ചർച്ചയിൽ മാനേജ്മെൻറുകൾ അനുഭാവപൂർണമായ ഇടപെടൽ നടത്തിയില്ലെങ്കിൽ കേരളമാകെ സമരം വ്യാപിപ്പിക്കും.
