കണ്ണൂര്‍: സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും പ്രഖ്യാപനം. ആരോപണ വിധേയനായ ടി മധുസൂദനന്‍ എംഎല്‍എ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വി കുഞ്ഞികൃഷ്ണന്‍ നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും നേതാക്കള്‍ വിമര്‍ശിച്ചു. രണ്ട് പാര്‍ട്ടി കമ്മീഷനുകള്‍ അന്വേഷിച്ചിട്ടും ക്രമക്കേട് കണ്ടെത്തിയില്ല. എന്നിട്ടും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയെന്നും സിപിഐഎം നേതാക്കള്‍ പ്രതികരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ തുറന്ന് പറച്ചില്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള്‍ ആരോപിച്ചു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
പുറത്താക്കൽ നടപടി പ്രതീക്ഷിച്ചതാണെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയെ നന്നായി അറിയാമെന്നും തന്റെ പുസ്തകത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും വി കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു. പാര്‍ട്ടിക്കകത്ത് നടക്കുന്ന അപചയങ്ങള്‍ സൂചിപ്പിക്കാതെ ഒരു കമ്മ്യൂണിസ്റ്റുകാരന് മുന്നോട്ട് പോകാന്‍ കഴിയില്ല. നടപടിയെടുക്കുന്നത് പുതിയ കാര്യമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യം നടന്നതുകൊണ്ടാണ് ആദ്യം പാര്‍ട്ടിയെ തന്നെ അറിയിച്ചത്. എന്നാല്‍ നിരവധി തവണ ഉന്നയിച്ചിട്ടും കാര്യമുണ്ടായില്ല. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.














































































