ചെന്നൈ: ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റ് രൂപം പ്രാപിക്കും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴ തുടരും. സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് മോക്ക. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിൽക്കുന്ന തീവ്ര ന്യൂനമർദ്ദമാണ് മോക്ക ചുഴലിക്കാറ്റായി മാറുന്നത്. വടക്ക് - വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക, പിന്നീട് ബംഗ്ലാദേശ്, മ്യാൻമാർ തീരത്തേക്ക് നീങ്ങും. മണിക്കൂറിൽ 130 കി.മീ. വരെ വേഗതയുണ്ടാകും. തീരം തൊടും മുമ്പേ ദുർബലമാകാനുള്ള സാധ്യതകളാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കേരളത്തെ മോക്ക ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്‍റെ അന്തരീക്ഷത്തിലെത്താൻ കാരണമാകും. ഒരിടവേളയ്ക്ക് ശേഷം മഴ സജീവമാകാൻ കാരണമിതാണ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കേണ്ടത്. പെടുന്നനെയുള്ള മഴയെ കരുതിയിരിക്കണം. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. നാളെ കൂടുതൽ മഴ കിട്ടിയേക്കും. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദ്ദേശമുണ്ട്.












































































