കോട്ടയം: സാങ്കേതിക പ്രശ്‌നങ്ങളേത്തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന മാന്നാനം പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കുന്നു. കെ.എസ്.ടി.പി. യുടെ നേതൃത്വത്തില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24.83 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. ദേശീയ ജലപാതാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിക്കുന്ന പുതിയ പാലം 228.7 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും വര്‍ഷകാല ജലനിരപ്പില്‍ നിന്ന് ആറ് മീറ്റര്‍ ഉയരത്തിലുമാണ് പണിയുന്നത്.
നീണ്ടൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് മാന്നാനം-നീണ്ടൂര്‍ റോഡില്‍ പെണ്ണാര്‍ തോടിനു കുറുകെയാണ് പാലം. മാന്നാനം പാലം പൊളിച്ച് പുതുക്കിപ്പണിയാന്‍ മുന്‍പേ നടപടികളാവുകയും പണികള്‍ തുടങ്ങുന്ന ഘട്ടത്തിലെത്തുകയും ചെയ്തിരുന്നതാണ്. അപ്പോഴാണ് പെണ്ണാര്‍ തോട് ദേശീയ ജലപാതയിലുള്‍പ്പെടുത്തി വിജ്ഞാപനം വന്നത്. ഇതോടെയാണ് ഒരു വര്‍ഷമായി നിര്‍മാണം മുടങ്ങിക്കിടന്നിരുന്നത്. ദേശീയ ജലപാതയുടെ മുകളിലുള്ള പാലങ്ങള്‍ക്ക് നിയമമനുസരിച്ച് 41 മീറ്റര്‍ നീളം, 12 മീറ്റര്‍ വീതി, വര്‍ഷകാലജലനിരപ്പില്‍ നിന്ന് ആറു മീറ്റര്‍ ഉയരം എന്നിവ വേണം. നിര്‍മാണം ആരംഭിച്ച പാലത്തിന് 10 മീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയുമായിരുന്നു. അതിനേത്തുടര്‍ന്നാണ് നിര്‍മാണം നിലച്ചത്.
സഹകരണ -തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ ഇടപെടലിനെ തുടര്‍ന്നാണ് ദേശീയ ജലപാത മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ പാലം നിര്‍മിക്കാന്‍ പുതിയ രൂപരേഖ തയ്യാറാക്കിയത്. ഒരേസമയം ഒരുവാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയേ പഴയ പാലത്തിന് ഉണ്ടായിരന്നുഉള്ളൂ. പാലത്തിന്റെ കൈവരികളും ബീമുകളും ദ്രവിച്ച നിലയിലാണ്.
പാലം പണി മുടങ്ങിയത് പ്രദേശത്തെ ജനങ്ങളെ തീരാദുരിതത്തിലാക്കിയിരുന്നു. മാന്നാനത്തുനിന്ന് നീണ്ടൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ഇപ്പോള്‍ വില്ലൂന്നിയിലെത്തിയാണ് യാത്ര തുടരുന്നത്. പുതിയ പാലം വരുന്നതോടെ കല്ലറ, നീണ്ടൂര്‍ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ മാന്നാനത്തേക്കും മെഡിക്കല്‍ കോളജിലേക്കുമൊക്കെ എത്താനാവും. മാന്നാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കും സൗകര്യമാവും.