ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജോസഫ് ഈറ്റോലിൽ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കസ്റ്ററിയിൽ നിയമിതനായി. ലോകമതങ്ങളുമായുള്ള ബന്ധവും സൗഹൃദവും വളർത്താനും പരിപോഷിപ്പിക്കാനുമായി 1964 ൽ സ്ഥാപിതമായ ഈ ഡിക്കസ്റ്ററിയിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യൻ മതങ്ങൾക്കായുള്ള വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ നിയമനം. ചങ്ങനാശേരി സ്വദേശിയായ അദ്ദേഹം സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി ഇടവകാംഗമാണ്. ഇതരമത ദൈവശാസ്ത്രത്തിലും വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള സംവാദത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം ഇപ്പോൾ റോമിലെ റെജീന അപ്പൊസ്തൊലൊരും യൂണിവേഴ്സിറ്റിയിൽ ക്രിസ്തുവിജ്ഞാനീയത്തിൽ ഗവേഷണം നടത്തിവരവെയാണ് ഈ നിയമനം.














































































