തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ രണ്ടു പേരുടെ നിർണായക അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘം. ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധനൻ്റെയും, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടേയും അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇരുവരേയും ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്നിട്ടാണ് ഉള്ളത്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂവെന്ന് അന്വേഷണസംഘം അറിയിച്ചു. അതേസമയം, സ്വർണക്കൊള്ളയില്‍ കമ്പനിയുടെ പങ്ക് തെളിഞ്ഞെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാനുള്ള ചുമതല ഇഡിക്ക് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് നല്‍കണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ ഇഡി സമാന്തര അന്വേഷണം നടത്തുന്നതില്‍ എതിർപ്പ് അറിയിച്ച് എസ്‌ഐടി കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.
ശബരിമല സ്വർണക്കൊള്ളയില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ലഭ്യമായ തെളിവുകളില്‍ ഫലപ്രദമായ അന്വേഷണം നടത്തിയില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വർണപ്പാളികള്‍ ചെമ്പ് ആക്കി മാറ്റിയതില്‍ 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങള്‍ക്ക് കൂട്ടുത്തരവാദിത്വമുണ്ട്. എന്നാല്‍ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിനെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും കോടതി പറഞ്ഞിരുന്നു.
സ്വർണം പൂശിയ നിലയിലുണ്ടായിരുന്ന ദ്വാരപാലക വിഗ്രഹങ്ങളും കട്ടിളകളും വെറും ചെമ്പ് പാളികളാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വർണം തട്ടിയെടുക്കാനുള്ള ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം വലിയ സ്രാവുകളിലേക്ക് നീളണം. ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരുടെ പങ്കാളിത്തം കൂടി അന്വേഷിക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചിരുന്നു.















































































