ചാരുംമൂട്: ബില്ലടച്ചിട്ടും മന്ത്രി പി പ്രസാദിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരന് സസ്പെൻഷൻ. നൂറനാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ ചേർത്തല സ്വദേശി സുനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.മന്ത്രിയുടെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിൻ്റെ വൈദ്യുതി കണക്ഷനാണ് ഈ മാസം രണ്ടിന് കെഎസ്ഇബി ജീവനക്കാർ വിച്ഛേദിച്ചത്. മന്ത്രി വൈദ്യുതി ഭവനുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കണക്ഷൻ പുനഃസ്ഥാപിക്കുകയായിരുന്നു. ബിൽ തുക അടച്ചത് അറിഞ്ഞില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. കെഎസ്ഇബി നൂറനാട് ഓഫീസിലും മന്ത്രിയുടെ വീട്ടിലും ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. തുടർന്ന് അന്വേഷണ റിപ്പോർട്ട് കെഎസ്ഇബി ഡയറക്ടർക്ക് കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
