ചരിത്രത്തില്‍ ആദ്യമായി ഒരു ദിവസത്തെ വരുമാനം 13.01 കോടി രൂപയിലെത്തിയെന്ന് മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജനുവരി അഞ്ച് (തിങ്കളാഴ്ച)യിലെ വരുമാനമാണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. ആ ദിവസം മാത്രം ടിക്കറ്റ് വരുമാനം 12.18 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനം 0.83 കോടി രൂപയുമാണ്. ഇത് രണ്ടും ഉള്‍പ്പെടെ13.01 കോടിയാണ് അന്നത്തെ വരുമാനമെന്ന് മന്ത്രി.
ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും, സൂപ്പര്‍വൈസര്‍മാരുടെയും, ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്‌ആര്‍ടിസിക്ക് സഹായകരമാകുന്നത്. കഴിഞ്ഞവര്‍ഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവില്ലാതെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്‌ആര്‍ടിസി കൈവരിച്ചത്.
ഞാന്‍ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്‌ക്കരണ നടപടികളും, കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തുടര്‍ പ്രവര്‍ത്തനങ്ങളും 'സ്വയംപര്യാപ്ത കെഎസ്‌ആര്‍ടിസി' എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിര്‍ണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ട്.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കെഎസ്‌ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്‌ആര്‍ടിസി നിശ്ചയിച്ചു നല്‍കിയിരുന്ന ടാര്‍ജറ്റ് നേടുന്നതിനായി ഡിപ്പോകളില്‍ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിക്കാനായതും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
കെഎസ്‌ആര്‍ടിസിയുടെ തുടര്‍ച്ചയായ, ഈ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ അക്ഷീണം പ്രയത്‌നിക്കുന്ന ഡോ.പ്രമോജ് ശങ്കറിനും മാനേജ്‌മെന്റിനും എല്ലാ വിഭാഗം ജീവനക്കാര്‍ക്കും എന്റെ അഭിനന്ദനം അറിയിക്കുന്നു.... വിശ്വാസ്യത പുലര്‍ത്തി കെഎസ്‌ആര്‍ടിസിയോടോപ്പം നില്‍ക്കുന്ന എല്ലാ യാത്രക്കാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു...
കെബി ഗണേഷ് കുമാര്‍
ഗതാഗത വകുപ്പ് മന്ത്രി.















































































