തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളുടെ പേരിലോ തലപ്പത്തോ മാറ്റം വരുത്താതെ വന്‍ കമ്പനികള്‍ വലിയ നിക്ഷേപം നടത്തുന്നുവെന്നും ഇത് സദുദ്ദേശത്തോടെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സാ ചെലവ് വലിയ തോതിൽ മാറിയിട്ടുണ്ടെന്നും ഇത് കേരളത്തിന്റെ ആരോഗ്യ രംഗം അഭിമുഖീകരിക്കുന്ന പുതിയ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 180ലധികം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യ മേഖലയില്‍ ഉണ്ടായത് ജനങ്ങളെ മുന്നില്‍ കണ്ടുള്ള വലിയ മാറ്റങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നീതി ആയോഗ് വൈസ് ചെയര്‍മാന്‍ വയനാട്ടില്‍ എത്തിയപ്പോള്‍ നമ്മുടെ ആരോഗ്യ മേഖലയെ പ്രശംസിച്ചിരുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ യഥാര്‍ത്ഥ ശേഷിയാണ് അത് വ്യക്തമാകുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികളാണെത്തുന്നത്. ദേശീയ തലത്തിലുള്ള ഒന്നാം സ്ഥാനത്ത് നിന്നും കൂടുതല്‍ മുന്നോട്ട് പോകാനാകണം. എല്ലാ കാര്യത്തിലും കേരളത്തെ ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഇവിടെ നില്‍ക്കുന്നത്. നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ വലിയ സഹായമാണ് ലഭിക്കുന്നത്. തിരുവനന്തപുരം നഗര ഹൃദയ ഭാഗത്തുള്ള സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ അഭിമാന സ്തംഭമായിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കണക്കാക്കുന്നത്. കേരളത്തിലുള്ളവര്‍ മാത്രമല്ല അയല്‍ സംസ്ഥാനത്തുള്ള ധാരാളം പേരും ഇവിടെ ചികിത്സയ്ക്കായി ആശ്രയിക്കുന്നു. അതിനാല്‍ ഈ സ്ഥാപനത്തെ കൂടുതല്‍ ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്. ഈ സ്ഥാപനത്തിന്റെ മാത്രം കണക്കെടുത്താല്‍ കഴിഞ്ഞ 9 വര്‍ഷം കൊണ്ട് 2069 കോടി രൂപയാണ് അനുവദിച്ചത്. അതിലൂടെ ഭൗതിക സാഹചര്യവും രോഗീ പരിചരണവും മെച്ചപ്പെടുത്താന്‍ സാധിച്ചു.
ആരോഗ്യ മേഖലയില്‍ മാത്രം കിഫ്ബിയിലൂടെ നടന്നത് 10,000 കോടിയിലധികം രൂപയുടെ വികസനമാണ്. പുതിയ സൗകര്യങ്ങള്‍ രോഗീ പരിചരണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. കൂടുതല്‍ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും ഇവയെല്ലാം ഉപകരിക്കും. സാധാരണക്കാരന്റെ ചികിത്സാ ചെലവ് കുറയ്ക്കും.
കേരളത്തിന്റെ ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ മേഖലയും വലിയ പങ്കു വഹിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ പേരില്‍ മാറ്റം വരുത്താതെ, വന്‍ കമ്പനികള്‍ വലിയ നിക്ഷേപം നടത്തുന്നു. ഇതിലൂടെ ചികിത്സാ ചെലവ് വലിയ തോതില്‍ മാറിയിരിക്കുന്നു. ഇത് കേരളത്തിന്റെ ആരോഗ്യ രംഗത്തെ പുതിയ പ്രശ്‌നമാണ്. അവിടെയാണ് മെഡിക്കല്‍ കോളേജുകളുടെ പ്രസക്തി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. ആരോഗ്യ രംഗത്തെ മാറ്റം പരിശോധിച്ചാല്‍ അത് മനസിലാക്കും. ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാനായി. 1600 കോടിയാണ് സൗജന്യ ചികിത്സ്‌ക്കായി ചെലവഴിക്കുന്നത്. വ്യത്യസ്തമായ വികസന പദ്ധതികളാണ് നടത്തി വരുന്നത്. ദേശീയ തലത്തില്‍ തന്നെ വലിയ അംഗീകാരങ്ങളാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.