പമ്പയിലും പരിസര പ്രദേശങ്ങളിലും സന്ധ്യയോടെ ഉണ്ടായ അതി ശക്തമായ കാറ്റിലും മഴയിലും ആണ് നിറയെ തീർത്ഥാടകരുമായി പമ്പയിൽ നിന്നും നിലക്കലേക്കു പോയ ബസിനു മുകളിലേക്ക് ചാലക്കയം വളവിനു സമീപം നൂറിഞ്ചു ചുറ്റളവും നൂറടിയോളം ഉയരവുമുള്ള വാകമരം കടപുഴകി വീണത്.
ബസിനു കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നിറയെ തീർത്ഥാടകരുമായി ഇന്നലെ വൈകിട്ട് 5.30 ഓടെ പുറപ്പെട്ട പമ്പ നിലക്കൽ ചെയിൻ സർവീസിനായി ചാത്തന്നൂർ ഡിപ്പോയിൽ നിന്നും എത്തിയ ബസാണ് അപകടത്തിൽപെട്ടത്.
പമ്പയിൽ പോലീസും ഫയർ സ്റ്റേഷനിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ വേണുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ജോഷി ദാസ്, ദിനേഷ് കുമാർ, ഫയർ ഓഫീസർമാരായ വിജയകുമാർ, ജോഷി സം, മിഥുൻ, മുരുകൻ,ലിജുമോൻ,അജ്മൽ, രാഹുൽ ദാസ്, ലിജീഷ്, മനു പ്രദീപ്, അനിൽ രാജ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി തീർത്ഥാടകരെ സുരക്ഷിതമായി ഇറക്കി ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിലാണ് മരം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചത്.