ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ വീടിന്റെ ആധാരം കുടുംബത്തിന് കൈമാറി കോൺഗ്രസ്. വിജയന്റെ മകനും മരുമകളും ആധാരം ഏറ്റുവാങ്ങി. ബത്തേരി അർബൻ ബാങ്കിലെ കുടിശികയായ 63 ലക്ഷം രൂപ കോൺഗ്രസ് ബുധനാഴ്‌ച അടച്ചിരുന്നു. ബാങ്കിലെ നടപടിക്രമങ്ങൾക്ക് ശേഷം ഇന്നാണ് ആധാരം അധികൃതർ കോൺഗ്രസ് നേതൃത്വത്തിന് കൈമാറിയത്.
എഗ്രിമെന്റ് പ്രകാരമുള്ള വാക്ക് കോൺഗ്രസ് പാലിച്ചെന്ന് മരുമകൾ പത്മജ മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബർ 30ന് മുൻപായി ബാധ്യത അടച്ച് തീർത്തില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. കോൺഗ്രസ് ആദ്യം തള്ളിപ്പറഞ്ഞപ്പോഴും പിന്നീട് ചേർത്തുപിടിച്ചപ്പോഴും അതിന് കൂടെ നിന്നവരാണ് തങ്ങളെന്ന് മരുമകൾ പത്മജ പറഞ്ഞു.
അൻപത് വർഷം കോൺഗ്രസിന് വേണ്ടി ജീവിച്ച് മരിച്ച ഒരാളുടെ കുടുംബത്തിനോട് കാണിക്കേണ്ട നീതിയല്ല പാർട്ടി അന്ന് കാണിച്ചത്. എന്നിട്ടും അവർ വീട്ടിൽ വന്നപ്പോൾ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. നിരന്തരമായി അവഗണനയും ആക്ഷേപവുമാണ് തങ്ങൾക്ക് കിട്ടിയിരുന്നത്. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമ്പോൾ ഒരമ്മ ചെയ്‌ത കാര്യം മാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നും പത്മജ പറഞ്ഞു.