സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിൽ കോട്ടയം നാട്ടകത്ത് കേരള സർക്കാരിന്റെ ധനസഹായത്തോടെ നിർമ്മിച്ച അക്ഷരം -ഭാഷാ സാഹിത്യ സാംസ്കാരിക മ്യൂസിയത്തിന്റെ രണ്ട് മൂന്ന് നാല് ഘട്ടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശനിയാഴ്ച തുടക്കമാകുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കിഫ്‌ബി ധനസഹായത്തോടെയാണ് തുടർഘട്ടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. ഇതിനായി 16 കോടി 18 ലക്ഷത്തി 83ആയിരത്തി 783 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
13000 സ്ക്വയർഫീറ്റ് വിസ്തീർണ്ണത്തിലാണ് അക്ഷര മ്യൂസിയത്തിന്റെ തുടർഘട്ടങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.
ലോകത്തിലെയും ഇന്ത്യയിലെയും പ്രധാനപ്പെട്ട ലിപികളുടെ പരിണാമചരിത്രം, മലയാള കവിതാസാഹിത്യചരിത്രം, ഗദ്യസാഹിത്യചരിത്രം, വൈജ്ഞാനികസാഹിത്യം എന്നിവ അടയാളപ്പെടുത്തുന്ന എട്ട് ഗ്യാലറികൾ ഉൾപ്പെടുന്നതാണ് രണ്ടാംഘട്ടം.
ലോകത്തിന്റെ ചരിത്രത്തെ നിർണ്ണയിക്കുന്ന പ്രധാനപ്പെട്ട മുപ്പത്തിയഞ്ചോളം ലിപികളുടെ പരിണാമചരിത്രം ഗവേഷകർക്കും വിദ്യാർത്ഥികൾക്കും മറ്റും പ്രയോജനപ്രദമാകും.
മലയാളകവിതാസാഹിത്യത്തെപ്പറ്റിയുള്ള ഗാലറിയിൽ നാടോടിപ്പാട്ട് പാരമ്പര്യത്തിൽനിന്ന് ആരംഭിച്ച് സംഘകാലസാഹിത്യവും പ്രാചീനമലയാളസാഹിത്യവും പാട്ടുപ്രസ്ഥാനവും മണിപ്രവാളസാഹിത്യവും . വെണ്മണിക്കവികളും വിലാപസാഹിത്യവും തുടങ്ങി ആധുനിക, ഉത്തരാധുനിക കവിതയെയും, കൃതികളെയും പൂർണ്ണമായും അടയാളപ്പെടുത്തും.
വാമൊഴി/നാടോടികഥകളിൽനിന്നും ആരംഭിച്ച് ആദ്യകാല ചെറുകഥകളും നോവൽസാഹിത്യവും നാടകസാഹിത്യവും ആത്മകഥകളും ജീവചരിത്രസാഹിത്യവും ഉൾപ്പെടുന്ന മലയാള ഗദ്യസാഹിത്യപാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ് അടുത്ത ഗ്യാലറി. വൈജ്ഞാനികസാഹിത്യവും വിവർത്തനവും ഉൾപ്പെടുന്നതാണ് മ്യൂസിയത്തിൻ്റെ അവസാന രണ്ട് ഗ്യാലറികൾ. അതിൽ മലയാളവ്യാകരണകൃതികളും വ്യക്തികളും നിഘണ്ടുക്കളും മറ്റ് ഭാഷാ ശാസ്ത്ര ഗ്രന്ഥങ്ങളും വിവർത്തന സാഹിത്യ ചരിത്രവും ഉൾപ്പെടുന്നതാണ്.
മ്യൂസിയത്തിൽ പ്രദർശന ഗാലറികളോടൊപ്പം തന്നെ ആക്‌ടിവിറ്റി കോർണറുകൾ, ഡിജിറ്റൈസേഷൻ ലാബ്, ഓഡിയോ-വീഡിയോ സ്റ്റുഡിയോ, ചിൽഡ്രൻസ് പാർക്ക്, വിപുലമായ പുരാരേഖ-പുരാവസ്തു ശേഖരങ്ങൾ, കൺസർവേഷൻ യൂണിറ്റ്, പുസ്‌തകങ്ങളുടെ പ്രഥമ പതിപ്പുകളുടെ ശേഖരം, ലൈബ്രറി കോംപ്ലക്സ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്
എപ്പിഗ്രാഫി, മ്യൂസിയോളജി, ആർക്കൈവിംഗ്, കൺസർവേഷൻ, പ്രിൻ്റിംഗ് ടെക്നോളജി എന്നീ ഇനങ്ങളിലായി ഹ്രസ്വകാല പഠന-പരിശീലന പരിപാടികളും നടപ്പിലാക്കാൻ ലക്ഷ്യമിടുന്നുണ്ട്.
കൂടാതെ ലോക ഭാഷാലിപികൾ, മലയാളകാവ്യപാരമ്പര്യം, മലയാളഗദ്യസാഹിത്യം, വൈജ്ഞാനികസാഹിത്യം, ലൈബ്രറി, സംവേദാത്മകമായ ക്ലാസ്സ് മുറികൾ എന്നിവയും വരുംഘട്ടത്തിൽ ഉൾപ്പെടുന്നു.
അക്ഷരം മ്യൂസിയത്തിന്റെ വരും ഘട്ടങ്ങളുടെ പൂർത്തീകരണത്തോടെ മലയാളഭാഷയെയും സാഹിത്യത്തെയും സമഗ്രമായി അടയാളപ്പെടുന്ന ഇടമായി അക്ഷരം മ്യൂസിയം മാറിത്തീരുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഇതിനോടൊപ്പം തന്നെ 10000 സ്ക്വയർ ഫീറ്റ് വരുന്ന പഴയ ഇന്ത്യാ പ്രസ്സ് കെട്ടിടം പുനരുദ്ധരിച്ച് ഓഡി റ്റേറിയവും ബിസ്സിനസ്സ് സെൻ്ററുമാക്കി മാറ്റും.
മഹാത്മാഗാന്ധി സർവ്വകലാശാലയുമായി ചേർന്ന് ഇൻ്റേൺഷിപ്പ് കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള കരാറിൽ അക്ഷരം മ്യൂസിയം ഒപ്പുവെച്ചിട്ടുണ്ട്. വിദേശികൾ അടക്കമുള്ളവർക്ക് മലയാളഭാഷാപഠനത്തിനായി പ്രത്യേക കോഴ്‌സ് അക്ഷരം മ്യൂസിയം വിഭാവനംചെയ്തിട്ടുണ്ട്.
ശനിയാഴ്‌ച രാവിലെ 11 മണിക്ക് അക്ഷരം മ്യൂസിയം വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും.













































































