ഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയിലെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുന്നുണ്ടെങ്കിലും ഗാർഹിക എല്‍പിജി വിതരണം തടസ്സമില്ലാതെ തുടരുമെന്ന് കേന്ദ്ര സർക്കാർ.
ഗ്യാസ് ഏജൻസികളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഉപഭോക്താക്കള്‍ പരിഭ്രാന്തരായി അധിക ബുക്കിംഗ് നടത്തേണ്ടതില്ലെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. (People need not panic, Centre on LPG crisis )
എന്നാല്‍, നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഇന്ധനം വിവേകപൂർവ്വം ഉപയോഗിക്കണമെന്നും സാധ്യമായ ഇടങ്ങളില്‍ ബദല്‍ സംവിധാനങ്ങള്‍ തേടണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. രാജ്യത്തെ പാചകവാതക വിതരണം കൂടുതല്‍ സുതാര്യമാക്കാൻ ഡിജിറ്റല്‍ സംവിധാനങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ 94 ശതമാനം ബുക്കിംഗും ഓണ്‍ലൈൻ വഴിയാണ് നടക്കുന്നത്. ഇത് വിതരണ ശൃംഖലയിലെ സുതാര്യത ഉറപ്പാക്കുന്നു. ഡെലിവറി ഓതന്റിക്കേഷൻ കോഡ് സംവിധാനം 76 ശതമാനം ഉപഭോക്താക്കളിലും എത്തിക്കഴിഞ്ഞു. ഇത് സിലിണ്ടറുകള്‍ അർഹരായവരിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. താല്‍ക്കാലികമായി നിർത്തിവെച്ചിരുന്ന വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു.













































































