കോട്ടയം: കർക്കടക മാസത്തിലെ നാലമ്പല തീർത്ഥാടനത്തിന് തുടക്കം കുറിച്ചു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
രാമപുരം ശ്രീരാമക്ഷേത്രത്തിലെ ദർശനത്തിനു ശേഷം ലക്ഷ്മണ ക്ഷേത്രം, ഭരത ക്ഷേത്രം, ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തി തിരികെ ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിൽ എത്തുമ്പോഴാണു നാലമ്പല ദർശനക്രമം പൂർത്തിയാകുക.
_രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം_ ഉദ്ദിഷ്ടകാര്യസിദ്ധിക്കായി അമ്പും വില്ലും സമർപ്പണം, കുടുംബാർച്ചന എന്നിവയാണു പ്രധാന വഴിപാടുകൾ
ഫോൺ: 9961148485
_കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം_
ലക്ഷ്മണ സ്വാമിക്ക് അരമണി സമർപ്പണം, ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ചേർത്തുള്ള സമർപ്പണം എന്നിവയാണു പ്രധാന വഴിപാട്. ഔഷധസേവ ക്രമീകരിച്ചിട്ടുണ്ട്.
ഫോൺ: 9188951165
_അമനകര ഭരതസ്വാമി ക്ഷേത്രം_
ശംഖുപൂജയാണു പ്രധാന വഴിപാട്. മീനൂട്ടു വഴിപാടുമുണ്ട്. ദിവസവും അന്നദാനം ക്രമീകരിച്ചിട്ടുണ്ട്.ഫോൺ:8281450739
_മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം_
ഉച്ചപ്പൂജ വരെ ശത്രുഘ്ന സങ്കൽപവും ഉച്ചയ്ക്കു ശേഷം സന്താനഗോപാല സങ്കൽപവുമാണ്. ഉച്ചപ്പൂജ വരെയേ ശത്രുഘ്ന സങ്കൽപമുള്ളൂ എന്നതിനാലാണു നാലമ്പല ദർശനം ഉച്ചപ്പൂജയ്ക്കു മുൻപ് എന്ന ആചാരം നിലനിൽക്കുന്നത്. ചക്രസമർപ്പണവും സന്താനലബ്ധിക്കു തൊട്ടിൽ സമർപ്പണവുമാണു പ്രധാന വഴിപാട്.
ഫോൺ:9539530899
4 ക്ഷേത്രങ്ങളിലെയും ദർശന സമയം രാവിലെ 5 മുതൽ ഉച്ചയ്ക്കു 12 വരെയും വൈകിട്ട് 5 മുതൽ രാത്രി 7.30 വരെയുമാണ്.
നാലമ്പലത്തിലേക്കുള്ള വഴി, കോട്ടയത്തു നിന്ന് എത്തുന്നവർക്ക്, ഏറ്റുമാനൂർ, കുറവിലങ്ങാട്, കുര്യനാട്, ഉഴവൂർ വഴിയോ പാലായിലെത്തിയോ രാമപുരത്ത് എത്താം. വടക്കൻ മേഖലയിൽ നിന്നുള്ളവർക്കു കൂത്താട്ടുകുളത്ത് എത്തി 10 കിലോമീറ്റർ സഞ്ചരിച്ചും ഇടുക്കി, തൊടുപുഴ ഭാഗത്തുള്ളവർക്കു പാലാ റൂട്ടിൽ കുറിഞ്ഞി ജംക്ഷനിൽ നിന്നു തിരിഞ്ഞും രാമപുരത്ത് എത്താം. കിഴക്കൻ മേഖലയിൽ നിന്നുള്ള തീർഥാടകർക്ക് കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാ വഴി രാമപുരത്തേക്ക് എത്താം. ബസിൽ വരുന്നവർക്കായി രാമപുരത്തു നിന്നു മറ്റു ക്ഷേത്രങ്ങളിലേക്കു പോകാൻ ഓട്ടോ, ടാക്സി വാഹനങ്ങൾ ലഭിക്കും.