കോട്ടയം: നിർമ്മിത ബുദ്ധിയുടെയും നൂതന സാങ്കേതിക വിദ്യകളുടെയും ഫലപ്രദമായ വിനിയോഗത്തിലൂടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ സമഗ്ര പുരോഗതി കൈവരിക്കണമെന്ന് ജോസ് കെ മാണി.
ഗ്രാമീണ പഠന- സേവന പ്രവർത്തനങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് 2023-24 വർഷത്തിലെ എം.പി ഫണ്ടിൽ നിന്നും 15.50 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ മിനി ബസ് മെഡിക്കൽ കോളേജിൽ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം മെഡിക്കൽ കോളേജ് കൈവരിച്ച നേട്ടങ്ങൾ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ ഇടം നേടിയ നേട്ടങ്ങളാണ് കോട്ടയം മെഡിക്കൽ കോളേജ് കൈവരിച്ചിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ മനുഷ്യപക്ഷ പ്രവർത്തനങ്ങൾ കോട്ടയം മെഡിക്കൽ കോളേജിനെ വ്യത്യസ്തമാക്കി.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യ ഫലപ്രദമായി വിനിയോഗിക്കണമെന്നും ജോസ് കെ മാണി എം. പി പറഞ്ഞു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് അദ്ധ്യക്ഷനായ യോഗത്തിൽ കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സൈറു ഫിലിപ്പ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ.കെ അജിത്ത് കുമാർ , സ്റ്റുഡൻ്റ്സ് യൂണിയൻ ചെയർമാൻ ആഷിഷ് ജോർജ് , പി.റ്റി.എ പ്രസിഡൻ്റ് അഡ്വ. ഗിരിജ ബിജു എന്നിവർ ആശംസ പറഞ്ഞു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മെഡിക്കൽ സോഷ്യോളജി ലക്ചറർ ഡോ. സന്തോഷ് കുമാർ എ.ജി നന്ദി പറഞ്ഞു..