കോട്ടയം കല്ലറ- വെച്ചൂര്‍ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് സംഗീത സംവിധായകന്‍ ജയ്സണ്‍ ജെ. നായരെ വാള്‍ കൊണ്ടു വെട്ടി അപായപ്പെടുത്താന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി 7.45ന് ഇടയാഴത്തിനും കല്ലറയ്ക്കും ഇടയിലായിരുന്നു സംഭവം. 18 വയസ്സില്‍ താഴെയുള്ള മൂന്നു പേരാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇരുവശവും പാടങ്ങളുള്ള ആളൊഴിഞ്ഞ ഭാഗമാണിവിടം.
വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വീട്ടില്‍ പാട്ട് ചിട്ടപ്പെടുത്തുന്ന ജോലി കഴിഞ്ഞ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് തനിയെ കാറോടിച്ചു മടങ്ങുകയായിരുന്നു ജയ്സണ്‍. ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ കാര്‍ റോഡരികില്‍ നിര്‍ത്തി സംസാരിച്ചു. ഈ സമയം മൂന്നു പേര്‍ കാറിന്റെ ഗ്ലാസില്‍ തട്ടി.
അപകടം നടക്കുന്ന വളവാണെന്നും കാര്‍ മാറ്റിയിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാര്‍ മുന്‍പോട്ടു മാറ്റിയിട്ടപ്പോള്‍ വീണ്ടും വന്ന് പണം ആവശ്യപ്പെട്ടെന്നും ഇല്ലെന്നു പറഞ്ഞപ്പോള്‍ കഴുത്തിന് അടിച്ചെന്നും ജയ്സണ്‍ പറയുന്നു.
ഒരാള്‍ അരയില്‍ നിന്ന് വാള്‍ ഊരി വെട്ടാന്‍ ആഞ്ഞു. ഉപദ്രവിക്കരുതെന്ന് ജയ്സണ്‍ അപേക്ഷിച്ചു. തുടര്‍ന്ന് കാര്‍ വേഗത്തില്‍ ഓടിച്ചാണു രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളില്‍ എഴുതിയെങ്കിലും ജയ്സണ്‍ പരാതി നല്‍കിയിട്ടില്ല.












































































