ശബരിമല : ഏഴാം തവണ കാല്‍നടയായി ദര്‍ശനത്തിനെത്തുന്ന ബെംഗളൂരു സ്വദേശി ആനന്ദിനൊപ്പമാണ് ഭൈരവന്‍ വന്നത്. ഡിസംബര്‍ 16ന് മഹേഷ്, വെങ്കിടേഷ് എന്നിവരോടൊപ്പം ബെംഗളൂരുവില്‍ നിന്ന് കെട്ടുമുറുക്കി പുറപ്പെട്ട ആനന്ദ് പിറ്റേദിവസം ഹോസൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴാണ് വളുപ്പും തവിട്ടും കലര്‍ന്ന നായ പിന്നാലെ വന്നത്.
ഭയന്ന് പലതവണ ഓടിച്ചു നോക്കിയെങ്കിലൂം പിന്‍വാങ്ങാന്‍ അവന്‍ കൂട്ടാക്കിയില്ല. ശരണംവിളിച്ച് സംഘം വേഗം നടന്നപ്പോള്‍ ഒപ്പത്തിനൊപ്പമെത്തി. വിശ്രമിക്കുമ്പോള്‍ അവനും അവിടെയിരിക്കും. വെള്ളം കുടിക്കുമ്പോള്‍ മുഖത്തു നോക്കിനില്‍ക്കുന്ന അവനും കൊടുക്കും. അത് കുടിക്കും. ഭക്ഷണത്തിന്റെ വീതം കൊടുത്താല്‍ അവന് വേണ്ട. ചായയോ പാലോ കൊടുതതാല്‍ കുടിക്കും. സേലത്ത് എത്തിയപ്പോള്‍ ഇവരോടൊപ്പം ഗോപി, ജയകുമാര്‍, കണ്ണന്‍, കാര്‍ത്തിക്, പ്രവീണ്‍, റാംജി എന്നീ തീര്‍ത്ഥാടകരും കൂടി അവിടെവച്ചാണ് ഭൈരവന്‍ എന്ന പേരിട്ടത്. വഴി താണ്ടുന്തോറും സംഘം വലുതായിവന്നു. പിന്നെ വഴികാട്ടിയായി ഭൈരവന്‍ മുന്നില്‍ നടക്കാന്‍ തുടങ്ങി. നാല്‍ക്കവലകളില്‍ എഥാര്‍ഥ പാതയിലൂടെ അവന്‍ മുന്‍പേ നടന്നു. 19 ദിവസംകൊണ്ടാണ് എരുമേലിയില്‍ എത്തിയത്.
വാഹനത്തില്‍ വന്ന ഗുരുസ്വാമി ബോസും സംഘവും എരുമേലിയില്‍ ഒപ്പംചേര്‍ന്നു. പേട്ടതുള്ളാന്‍ വേഷമിട്ടപ്പോള്‍ ഭൈരവന്റെ മുഖത്തും ചായം തേച്ചു പൊട്ടു തൊടീച്ചു പാണ്ടിമേളത്തിന്റെ താളത്തിനൊത്തു നൃത്തച്ചുവടുകളുമായി കൊച്ചമ്പലത്തില്‍ നിന്നു വലിയമ്പലത്തില്‍ എത്തി.
വിശ്രമ ശേഷം നടന്നപ്പോള്‍ ഭൈരവനും മുന്നില്‍ നടന്നു. കരിമല വഴിയുള്ള കാനന പാതയില്‍ തീര്‍ത്ഥാടകരുടെ തിരക്കിനിടെ കൂട്ടുപിരിഞ്ഞു മുന്നില്‍ നടന്ന ഭൈരവനെ പിന്നെ കണ്ടെത്താനായില്ല.
പമ്പയില്‍ ഏറെ തിരഞ്ഞു കണ്ടെത്താന്‍ കഴിഞ്ഞില്ല. ദര്‍ശനശേഷം സന്നിധാനത്തും തിരഞ്ഞു. അയ്യപ്പസ്വാമിയോടും അവര്‍ സങ്കടം പറഞ്ഞു. ഉച്ചയ്ക്ക് മാളികപ്പുറം ക്ഷേത്രത്തിനു സമീപം വിരിവച്ച് വിശ്രമിക്കുമ്പോര്‍ യാദൃശ്ചികമായാണ് അവന്‍ അരികിലേയ്ക്ക് ഓടിയെത്തിയത്. കൂട്ടുപിരിഞ്ഞതിന്റെ സങ്കടം തീര്‍ത്ത് സ്നേഹം പ്രകടമായി. ഇതു കണ്ട് എല്ലാവരും ചേര്‍ന്നു ശരണം വിളിച്ചു. അവര്‍ വാങ്ങിക്കൊടുത്ത ചായ കുടിച്ച് വീണ്ടും ഒപ്പം നടന്നു.....












































































