നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പാലാ എംഎൽഎ മാണി സി കാപ്പൻ യുഡിഎഫിൽ പ്രവേശിച്ചത്. ഇതിന് തൊട്ടു പിന്നാലെ പാർട്ടി പ്രഖ്യാപനവും നടത്തി. എൻ സി പിയിൽ നിന്നും വിട്ടു മാറിയ മാണി സി കാപ്പൻ പുതുതായി പ്രഖ്യാപിച്ച പാർട്ടിയുടെ പേര് നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നായിരുന്നു. ഈ പേരാണ് ഇപ്പോൾ മാറ്റി പുതിയ പേര് സ്വീകരിച്ചത്. ഡെമോക്രാറ്റിക് കോൺഗ്രസ് കേരള അഥവാ ഡി സി കെ എന്നാണ് പാർട്ടിയുടെ പുതിയ പേര്.
നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്ന പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കാതെ വന്നതോടെയാണ് പുതിയ പേരായ ഡെമോക്രാറ്റിക് കോൺഗ്രസ് കേരള എന്നതിലേക്ക് മാണി സി കാപ്പൻ എത്തിയത്. എൻ സി പി യുടെ പൂർണ്ണരൂപം ആയ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നതുമായി ഏറെ സാമ്യം ഉണ്ടായിരുന്നു മാണി സി കാപ്പൻ രൂപീകരിച്ച പുതിയ പാർട്ടിക്ക്. ഏതായാലും പാർട്ടി രൂപീകരണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം പാർട്ടിയുടെ പേര് തന്നെ മാറ്റേണ്ട അവസ്ഥയിലായി മാണി സി കാപ്പൻ. പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും മാണി സി കാപ്പൻ മറ്റൊരു വെല്ലുവിളി കൂടി നേരിടുന്നുണ്ട്. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തെത്താൻ മാണി സി കാപ്പൻ കഴിയില്ല.