ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. സംഭവത്തിൽ വയനാട് നടവയൽ സ്വദേശി വൈശാഖിനെയാണ് പിടികൂടിയത്. വയനാട് സുൽത്താൻ ബത്തേരിയിൽ വെച്ചാണ് വൈശാഖ് പൊലീസ് അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ഹേമചന്ദ്രൻ്റെ കൊലയാളികൾക്ക് സഹായം നൽകിയ ബത്തേരി സ്വദേശി വൈശാഖാണ് അറസ്റ്റിലായത്.
ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐ പി എസിന്റെ കീഴിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡാണ് വൈശാഖിനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം ഇൻസ്പെക്ടർ ജിജീഷ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളോടൊപ്പം ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാനും മൃതദേഹം കുഴിച്ചു മൂടാനും താനും ഒപ്പമുണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ വൈശാഖ് സമ്മതിച്ചിട്ടുണ്ട്. ആദ്യമൊക്കെ പ്രതികൾ മറച്ചു വെച്ച പേരാണ് വൈശാഖിന്റേത്. എന്നാൽ ശാസ്ത്രീയ തെളിവുകൾ നിരത്തി നടത്തിയ ചോദ്യം ചെയ്യലിലാണ്, ഇയാളും തങ്ങളുടെ കൂടെയുണ്ടായിരുന്നതായി സമ്മതിച്ചത്.
ആദ്യം പിടിയിലായ ജ്യോതിഷുമായി ചെറുപ്പം തൊട്ടുള്ള സൗഹൃദമാണ് ഈ കുറ്റകൃത്യത്തിലേക്ക് ഇയാൾ ഉൾപ്പെടാൻ കാരണം. ഹേമചന്ദ്രനുമായി തനിക്കുള്ള സാമ്പത്തികമായ ഇടപാടും മറ്റു കാര്യങ്ങളും വൈശാഖുമായി എപ്പോഴും ജ്യോതിഷ് പങ്കുവെക്കുമായിരുന്നു. പിന്നീട് നൗഷാദുമായും ഹോമചന്ദ്രന് സാമ്പത്തിക ഇടപാടുണ്ടെന്നും ഒന്നിച്ചു നിന്നാൽ അയാളിൽ നിന്നും പണം ഇടാക്കാമെന്നും ഇരുവരും കരുതി. നൗഷാദിന് വാടകക്ക് കാർ കൊടുക്കുന്ന ബിസിനസ് ഉണ്ടെന്നും ഗുണ്ടകളുമായി അയാൾക്കുള്ള ബന്ധം ഉപയോഗപ്പെടുത്താമെന്നും വിചാരിച്ചാണ് ഇരുവരും നൗഷാദിനൊപ്പം ചേർന്ന് ഹേമചന്ദ്രനെ തട്ടികൊണ്ട് പോകാൻ തീരുമാനിക്കുന്നത്.
കാറിൽ വെച്ച് തന്നെ ഹേമചന്ദ്രനെ ഇവർ മർദ്ദിച്ചിച്ചിരുന്നു. സംഭവം നടക്കുന്ന ദിവസങ്ങളിൽ വൈശാഖിനും, അജേഷിനും ചേരമ്പാടി ഭാഗത്തുള്ള ഒരു റിസോർട്ടിലായിരുന്നു ഇൻ്റീരിയർ വർക്ക് ജോലി. ഇതോടെ കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിലായി. പ്രതികളെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും.